Asianet News MalayalamAsianet News Malayalam

'ഞാന്‍ വീഴാതെ കൈ പിടിക്കാന്‍ ഇവളുണ്ടായിരുന്നു'; അനുജത്തിയെക്കുറിച്ച് സായ് വിഷ്‍ണു

ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എത്രത്തോളം പിന്തുണയാണ് സഹോദരി നല്‍കിയിരുന്നതെന്ന് സായ് 

bigg boss malayalam season 3 runner up sai vishnu about his sister sri vrinda
Author
Thiruvananthapuram, First Published Aug 28, 2021, 2:09 PM IST

ബിഗ് ബോസ് മലയാളം സീസണ്‍ 3ലെ ശ്രദ്ധേയ മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു സായ് വിഷ്‍ണു. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു വിളിക്കപ്പെട്ട മൂന്നാം സീസണിന്‍റെ തുടക്കത്തില്‍ പ്രേക്ഷകരില്‍ ഭൂരിഭാഗത്തിനും പരിചിതനല്ലാത്ത മത്സരാര്‍ഥിയായിരുന്നു സായ് എങ്കില്‍ സീസണ്‍ അവസാനിച്ചപ്പോള്‍ റണ്ണര്‍ അപ്പ് ആയിരുന്നു അയാള്‍. ആദ്യ ആഴ്ചകള്‍ പിന്നിട്ടതിനു ശേഷം വലിയ കുതിപ്പാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം സായ് വിഷ്‍ണുവിന് ലഭിച്ചത്. വ്യക്തിപരമായ കാര്യങ്ങളും കുടുംബാംഗങ്ങളെക്കുറിച്ചുമൊക്കെ സായ് ബിഗ് ബോസ് വേദിയില്‍ പലപ്പോഴും വാചാലനായിട്ടുണ്ട്. ഇപ്പോഴിതാ തന്‍റെ അനുജത്തി ശ്രീവൃന്ദയെക്കുറിച്ച് പറയുകയാണ് സായ് വിഷ്‍ണു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എത്രത്തോളം പിന്തുണയാണ് സഹോദരി നല്‍കിയിരുന്നതെന്ന് സായ് പറയുന്നു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സായ് ഇക്കാര്യം പങ്കുവെക്കുന്നത്.

അനുജത്തി ശ്രീവൃന്ദയെക്കുറിച്ച് സായ് വിഷ്‍ണു

അനിയത്തി.. ഇന്നീ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും എന്‍റെ ഒന്നുമില്ലായ്മയിലും എന്നെ ഇവൾ ചേർത്ത് പിടിച്ചിരുന്നു.!! ചോറ്റാനിക്കരയിലെ ടാറ്റാ ഹോസ്പിറ്റലിന്‍റെ ലേബർ റൂമിന് മുന്നിൽ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന അഞ്ചാം ക്ലാസ്സുകാരനായ എന്നിൽ നിന്നും, ഈ എന്നിലേക്കുള്ള ദൂരത്തിൽ ഞാൻ അനുഭവിച്ച സങ്കടങ്ങളിൽ, നിരാശകളിൽ, മാനസിക സംഘർഷങ്ങളിൽ, അഭിമുഖീകരിച്ച പ്രശ്നങ്ങളിൽ, പരാജയങ്ങളിൽ, ഒറ്റപ്പെടലുകളിൽ, ഒഴിവാക്കലുകളിൽ, കുറ്റപ്പെടുത്തലുകളിൽ, മുൻപോട്ടു പോകാൻ പറ്റാതെനിന്ന സാഹചര്യങ്ങളിൽ തൊട്ട്, നിസ്സഹായനായി നിന്ന ആശുപത്രി വരാന്തകളിൽ വരെ എന്‍റെ അടുത്ത് എല്ലാം കണ്ടുകൊണ്ട്, ഞാൻ വീഴാതെ കൈ പിടിക്കാൻ ഇവൾ ഉണ്ടായിരുന്നു. 

എന്തു പറ്റി ചേട്ടാ എന്ന് ചോദിച്ച്, എന്നെ സാധാരണ നിലയിലാക്കാൻ ഇവൾ കുറെ ശ്രമിക്കും. ആ ശ്രമത്തിലെ നിഷ്‍കളങ്കമായ സ്നേഹം കണ്ടുകൊണ്ട് മാത്രം ഞാൻ പലപ്പോഴും തിരിച്ചു വന്നിട്ടുണ്ട്. എന്‍റെ സ്വപ്നങ്ങളിൽ എന്നെപ്പോലെ വിശ്വസിച്ച ആളാണ്. എന്നെ കണ്ട് വലിയ സ്വപ്നങ്ങൾ കാണുന്ന, അതിനു വേണ്ടി സ്വയം സമർപ്പിച്ച ആളാണ്. ഇന്നിവിടെ എത്തി നിൽക്കുമ്പോൾ ഇവളുടെ സ്വപ്നങ്ങളിൽ കൂടുതൽ വിശ്വാസം തോന്നാൻ എന്‍റെ ഈ യാത്ര കാരണം ആയതാണ് എന്‍റെ ഏറ്റവും വലിയ സന്തോഷം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios