ബിഗ് ബോസ് സീസണ്‍ രണ്ടില്‍ തുടക്കം മുതല്‍ വലിയ കോളിളക്കം സൃഷ്ടിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അലസാന്‍ഡ്ര ജോണ്‍സണ്‍. സുജോയുമായുള്ള പ്രണയവും പിന്നീടുണ്ടായ നാടകീയമായ സംഭവവികാസങ്ങളും ഞെട്ടിക്കുന്നതായിരുന്നു. കണ്ണിന് രോഗം വന്ന് ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം തിരിച്ചുവന്ന അലസാന്‍ഡ്രയും സുജോയും പ്രണയമെല്ലാം സ്ട്രാറ്റജിയുടെ ഭാഗമായിരുന്നുവെന്ന് പറഞ്ഞു. അലസാന്‍ഡ്ര ഇത് തിരുത്തുകയും തന്‍റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് പാതിവഴിയില്‍ അവസാനിപ്പിക്കുന്നതുവരെ അലസാന്‍ഡ്ര ഷോയുടെ ഭാഗമായിരുന്നു. അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സാന്‍ഡ്രയ്ക്ക് ബിഗ് ബോസിന് ശേഷം നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ ലൈവിലെത്തി താന്‍ പുതിയൊരു ക്രൈം ത്രില്ലര്‍ വെബ് സീരീസില്‍ അഭിനയിക്കാന്‍ പോവുകയാണെന്ന് അലസാന്‍ഡ്ര വെളിപ്പെടുത്തിയിരിക്കുകയാണ്.

തന്‍റെ വിശേഷങ്ങളെല്ലാം പങ്കുവച്ച അലസാന്‍ഡ്ര ഷോയിലെ എല്ലാവരെയും വിളിക്കാറുണ്ടെന്നും സുജോയെ വിളിക്കാറില്ലെന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇതിനിടയില്‍ ഇപ്പോഴും പുകവലിക്കാറുണ്ടോ എന്ന ആരാധകന്‍റെ നിരന്തരമുള്ള ചോദ്യത്തിന് എന്തിനാണ് മറ്റുള്ളവരുടെ പ്രൈവസിയില്‍ ഇങ്ങനെ ഇടപെടുന്നതെന്ന് അലസാന്‍ഡ്ര ചോദിച്ചു. ഇല്ലെന്ന് ഒരിക്കല്‍ മറുപടി പറഞ്ഞ കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നതെന്തിനാണെന്നും സാന്‍ഡ്ര ചോദിച്ചു. എല്ലാവര്‍ക്കും സ്വകാര്യതയുണ്ടെന്നും അത് അവര്‍ക്ക് കൊടുത്തേക്കാമെന്നും സാന്‍ഡ്ര പറയുന്നു. ഒപ്പം പ്രേക്ഷകരുമായി തന്‍റെ വിശേഷങ്ങളെല്ലാം പങ്കുച്ച അലസാന്‍ഡ്ര ഇനി ബിഗ് ബോസിലേക്ക് തിരികെ വിളിച്ചാല്‍ പോകുമോ എന്ന ചോദ്യത്തിന്.., വളരെ ആകാംക്ഷയോടെ 'തീര്‍ച്ചയായും' എന്നായിരുന്നു മറുപടി.

വീഡിയോ