മലയാളികൾ അധികം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പേരായിരുന്നു കുറച്ചുനാളുകൾക്ക് മുമ്പ് വരെ അലസാൻഡ്ര ജോൺസന്റേത്. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിന് ശേഷം ആ കഥ മാറി. സീസണിലെ തന്നെ ഏറ്റവും വലിയ വിവാദ നായികയും മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയുമായി അലസാൻഡ്ര മാറി.  ബിഗ്ബോസ് വിശേഷങ്ങൾക്ക് ശേഷം സോഷ്യൽമീഡിയയിൽ വിവരങ്ങൾ സമയാസമയങ്ങളിൽ പങ്കുവയ്ക്കാറുണ്ട് സാൻഡ്ര. 

അടുത്തിടെ ഒരു വെബ് സീരീസിൽ വേഷമിടുന്നതിനെ കുറിച്ച് താരം ലൈവിൽ പറഞ്ഞിരുന്നു. പിന്നാലെ മൃദുൽ നായരുടെ  വെബ് സീരീസായ ഇൻസ്റ്റഗ്രാമിൽ ആദ്യമായി താരം വേഷമിട്ടു. അടുത്തിടെ സീരീസിന്റെ ട്രീസർ പുറത്തുവരികയും ചെയ്തു. ഇപ്പോഴിതാ അഭിനയരംഗത്തേക്ക് കൂടുതൽ ചുവടുറപ്പിക്കാനെന്നോണം കിടിലൻ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് അലസാൻഡ്ര.

ബിഗ് ബോസില്‍ തുടക്കം മുതല്‍ വലിയ കോളിളക്കം സൃഷ്ടിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു അലസാന്‍ഡ്ര ജോണ്‍സണ്‍. സുജോയുമായുള്ള പ്രണയവും പിന്നീടുണ്ടായ നാടകീയമായ സംഭവവികാസങ്ങളും ഞെട്ടിക്കുന്നതായിരുന്നു. കണ്ണിന് രോഗം വന്ന് ബിഗ് ബോസില്‍ നിന്ന് പുറത്തുപോയ ശേഷം തിരിച്ചുവന്ന അലസാന്‍ഡ്രയും സുജോയും പ്രണയമെല്ലാം സ്ട്രാറ്റജിയുടെ ഭാഗമായിരുന്നുവെന്ന് പറഞ്ഞു. അലസാന്‍ഡ്ര ഇത് തിരുത്തുകയും തന്‍റെ ഭാഗം വ്യക്തമാക്കുകയും ചെയ്തു.

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ബിഗ് ബോസ് പാതിവഴിയില്‍ അവസാനിപ്പിക്കുന്നതുവരെ അലസാന്‍ഡ്ര ഷോയുടെ ഭാഗമായിരുന്നു. അധികം ശ്രദ്ധിക്കപ്പെടാതിരുന്ന സാന്‍ഡ്രയ്ക്ക് ബിഗ് ബോസിന് ശേഷം നിരവധി ആരാധകരുണ്ട്.