ഹൈദരാബാദിലെ പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ നടി കൽപിക ഗണേഷിനെതിരെ ഗച്ഛിബൗലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

ഹൈദരാബാദ്: തെലുങ്ക് നടി കൽപിക ഗണേഷിനെതിരെ ഹൈദരാബാദിലെ ഗച്ഛിബൗലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഹൈദരാബാദിലെ പ്രിസം പബ്ബിൽ ജീവനക്കാരെ ആക്രമിച്ചത് അടക്കം സംഭവങ്ങളിലാണ് നടിയും ഇന്‍ഫ്യൂവെന്‍സറുമായ കല്‍പികയ്ക്കെതിരെ കേസ് എടുത്തത്. മെയ് അവസാനം നടന്ന സംഭവത്തിൽ പബ്ബ് ജീവനക്കാർക്കെതിരെ കൽപിക മോശമായി പെരുമാറുകയും അവരുടെ ദേഹത്തേക്ക് പ്ലേറ്റുകൾ എറിയുകയും, ശാരീരിക അധിക്ഷേപം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. ഒപ്പം പബ്ബിലെ ബില്ല് നടി അടച്ചില്ലെന്നും പബ്ബ് മാനേജ്മെന്‍റ് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

എന്നാൽ, കൽപിക ഗണേഷ് ഇതിനെതിരെ രംഗത്തെത്തി. പബ്ബ് ജീവനക്കാർ തന്നോടാണ് മോശമായി പെരുമാറുകയും ആക്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് അവർ പോലീസിൽ മറു പരാതി നൽകിയിരുന്നു. എക്സിൽ പോസ്റ്റ് കൽപിക പബ്ബിന്റെ മാനേജ്മെന്റിന്റെ പെരുമാറ്റത്തെയും പോലീസിന്റെ നിഷ്ക്രിയത്വത്തെയും വിമർശിച്ചു. "ഞാൻ ഒരു സ്ത്രീയായിട്ട് എനിക്ക് നേരിടേണ്ടി വന്നത് അന്യായമാണ്. പോലീസ് എന്റെ പരാതി ഗൗരവമായി എടുത്തില്ല," അവർ ആരോപിച്ചു.

സംഭവത്തിന്റെ യഥാർത്ഥ വശങ്ങൾ വ്യക്തമാകാൻ അന്വേഷണം പുരോഗമിക്കുകയാണ്. അതേ സമയം കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സംഭവം നടന്ന് ഇത്രയും ദിവസത്തിന് ശേഷം ഗച്ഛിബൗലി പോലീസ് കേസ് ഫയൽ ചെയ്തിരിക്കുന്നത് എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഈ വിഷയം വലിയ ചർച്ചയായി മാറിയിട്ടുണ്ട്.

കൽപികയുടെ ആരോപണങ്ങളും പബ്ബിന്റെ പരാതിയും തമ്മിലുള്ള വൈരുദ്ധ്യങ്ങൾ ഈ സംഭവത്തെ കൂടുതൽ വിവാദമാക്കുന്നു. "ഇത് പ്രശസ്തിയെ ദുരുപയോഗം ചെയ്യുന്നതിന്റെ ഉദാഹരണമാണോ, അതോ ഒരു സ്ത്രീയോടുള്ള അനീതിയാണോ?" എന്ന രീതിയില്‍ സംഭവത്തിന്‍റെ രണ്ട് വശങ്ങളും പരിശോധിക്കണം എന്നും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായപ്പെടുന്നവരും ഉണ്ട്.

അതേ സമയം ചോദ്യം ചെയ്യലിന് ഹാജറാകുവാന്‍ കൽപികയ്ക്ക് ഉടന്‍ നോട്ടീസ് നല്‍കും എന്നാണ് തെലങ്കാന പൊലീസ് പറയുന്നത്.