ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന പൗര്‍ണമിത്തിങ്കള്‍ എന്ന പരമ്പരയിലൂടെ ഇന്ന് മലയാളികളുടെ സ്വീകരണ മുറിയില്‍ തന്നെയുള്ള താരമാണ് ചിത്ര ഷേണോയ്. ഒരുപക്ഷെ കഥാപാത്രങ്ങളുടെ പേരിലാവും ചിത്രയെ പ്രേക്ഷകര്‍ കൂടുതല്‍ അറിയുന്നത്. പൗര്‍ണമിത്തിങ്കളില്‍ രാജലക്ഷ്മി എന്ന കഥാപാത്രമാണ് ചിത്ര ചെയ്യുന്നത്.

ഈ വേഷത്തെ കുറിച്ച് വിശദീകരിക്കുകയാണ് ചിത്ര. പരമ്പരയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ ഒരു ഷോട്ട് ഷൂട്ട് ചെയ്തതിന് പിന്നാലെയാണ് ചിത്ര തന്റെ അനുഭവം പറയുന്നത്. രാജലക്ഷ്മി എന്ന കഥാപാത്രം തനിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു എന്ന്  ചിത്ര പറയുന്നു.

'ഹായ് ഞാന്‍ നിങ്ങളുടെ ചിത്ര ഷേണോയ് ആണ്. പൗര്‍ണമിത്തിങ്കള്‍ ഷൂട്ടിങ് ലൊക്കേഷനാണ് കാണുന്നത്. പൗര്‍ണമിത്തിങ്കളിലെ രാജലക്ഷ്മിയുടെ ക്യാരക്ടര്‍ എനിക്ക് വലിയ ചലഞ്ചിങ്ങായിരുന്നു. കഴിഞ്ഞ പരമ്പരയായ സ്ത്രീധനം വലിയ ഹിറ്റായിരുന്നു. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായിരുന്നു എന്റേത്. അങ്ങനെയാകുമ്‌പോള്‍ നല്ലൊരു കഥാപാത്രമായി വേഷമിടുമ്‌പോള്‍ പ്രേക്ഷകര്‍ എങ്ങനെ എടുക്കും എന്ന പേടിയുണ്ടായിരുന്നു. പക്ഷെ എന്നെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു' എന്നും ചിത്ര പറഞ്ഞു.

തമിഴ്‌നാട്ടിലെ ഒരു ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ച ചിത്ര ടെലിവിഷന്‍ പരമ്പരകളിലൂടെ തന്നെയാണ് അഭിനയരംഗത്ത് തുടക്കമിടുന്നത്. ഇതു വരെ ഏകദേശം 270 സിനിമകളിലും ചിത്ര വേഷമിട്ടു. കന്നഡ ടിവി സീരിയലുകളില്‍ 3500ത്തിലധികം എപ്പിസോഡുകള്‍ അഭിനയിക്കുകയും ചെയ്തു. മലയാളത്തില്‍ രാജമാണിക്യം, അലി ഭാസ്,ഡോണ്‍ തുടങ്ങിയ ചിത്രങ്ങളിലഭിനയിച്ചു.

പ്രീ യുണിവേഴ്‌സിറ്റി കോഴ്‌സ് കഴിഞ്ഞയുടന്‍ നായികയായി എത്തിയിരുന്ന  ചിത്ര, അഭിനയരംഗത്ത് തുടരാതെ വര്‍ഷങ്ങള്‍ക്ക് ശേഷം ടിവി സീരിയലുകളിലൂടെ വലിയ തിരിച്ചുവരവാണ് നടത്തിയത്.  'മൗന ഹൊരാത'യായിരുന്നു ആദ്യ ചിത്രം.  ഗുരുദാസ് ഷേണായിയാണ് ഭര്‍ത്താവ്.