ദിലീപിന്റ സൂപ്പര്‍ ഹിറ്റ് കോമഡി  ചിത്രം  'ഈ പറക്കും തളിക'യിലെ നായികാ കഥാപാത്രം അവതരിപ്പിച്ച നിത്യ ദാസ് എന്ന നടിയെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കില്ല. ആദ്യ സിനിമ തന്നെ നിത്യയ്ക്ക് മികച്ച അവസരങ്ങളിലേക്ക് വഴി തുറക്കുന്നതായിരുന്നു.

നരിമാന്‍, കുഞ്ഞിക്കൂനന്‍, കണ്മഷി, ബാലേട്ടന്‍ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ പിന്നാലെ താരത്തിന് സാധിക്കുകയും ചെയ്തു. അഭിനയിച്ച മിക്ക ചിത്രങ്ങളും വന്‍ വിജയവുമായതോടെ താരം മലയാളികള്‍ക്ക് പ്രിയങ്കരിയാവുകയും ചെയ്തു.

2007ല്‍ വിവാഹ ശേഷം താരം സിനിമയില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍ സീരിയലുകളില്‍ അപ്പോഴും താരം സജീവമായിരുന്നു. പ്രധാനമായും തമിഴിലും ചില മലയാള സീരിയലുകളിലും താരം അഭിനയം തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയയിലു സജീവമായ താരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള നൃത്ത വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്.  

രസകരമായ കുറിപ്പും നിത്യ പങ്കുവച്ചിട്ടുണ്ട്. മഴയെത്തുംമുമ്പ് ഡാന്‍സ് പൂര്‍ത്തിയാക്കട്ടെയെന്നായിരുന്നു നിത്യ ദാസ് കുറിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് കോഴിക്കോട്ട് കുടുംബത്തോടൊപ്പമാണ് നിത്യ. മകള്‍ നൈന നിത്യയുടെ തനിപ്പകര്‍പ്പാണെന്നാണ് ആരാധകരില്‍ ഭൂരിഭാഗവും കമന്റ് ചെയ്തിരിക്കുന്നത്. അരവിന്ദ് സിങ് ജംവാള്‍ ആണ് നിത്യയുടെ ഭര്‍ത്താവ്. നൈന ജംവാന്‍,  നമന്‍ സിങ് ജംവാള്‍ എന്നിവരാണ് മക്കള്‍.