ഗായിക സിതാര കൃഷ്ണകുമാറിന്റെ മകള്‍ സാവന്‍ ഋതു പാടുന്നതിന്റെ ചില വീഡിയോകള്‍ മുന്‍പ് വൈറല്‍ ആയിട്ടുണ്ട്. 'ഉയരെ'യിലെ 'നീ മുകിലോ', 'മധുരരാജ'യിലെ 'മോഹമുന്തിരി' എന്നിവയൊക്കെ സിതാരയോയൊപ്പം പാടി മകളും അമ്മയുടെ ആരാധകരുടെ പ്രശംസ നേടിയിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സിതാര തന്നെയാണ് മകള്‍ പാടുന്നതിന്റെ വീഡിയോകള്‍ പുറത്തുവിട്ടിട്ടുള്ളത്. ഇപ്പോഴിതാ ഒരു പാട്ട് മകള്‍ തന്നെ പാടി പഠിപ്പിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് സിതാര.

'പമ്പയാറിന്‍ പനിനീര്‍ക്കടവില്‍' എന്ന് തുടങ്ങുന്ന പാട്ടാണ് സാവന്‍ അമ്മയെക്കൊണ്ട് പാടിക്കുന്നത്. ആദ്യവരി അമ്മ പാടിയതിലെ തെറ്റ് ചൂണ്ടിക്കാട്ടുന്ന സാവനേയും വീഡിയോയില്‍ കാണാം. 1971ല്‍ പുറത്തിറങ്ങിയ 'മുത്തശ്ശി' എന്ന ചിത്രത്തിനുവേണ്ടി വി ദക്ഷിണാമൂര്‍ത്തി സംഗീതം പകര്‍ന്ന ഗാനമാണിത്. ഗാനരചന പി ഭാസ്‌കരനും പാടിയത് എസ് ജാനകിയും. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം രണ്ടായിരത്തോളം ലൈക്കുകളാണ് ഈ വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ഏറെ ഷെയറുകളും പോയിട്ടുണ്ട്.