അഭിനേതാവായും അവതാരകനായും മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ ആളാണ് ദീപന്‍ മുരളി. 

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരമാണ് ദീപന്‍ മുരളി. അഭിനേതാവായും അവതാരകനായും താരം മലയാളികളുടെ സ്വീകരണമുറികളിലെ സ്ഥിരം സാന്നിധ്യമാണ്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിലെത്തിയതോടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ദീപന്‍ മാറി. ഏഷ്യാനെറ്റിലെ ഏറ്റവും പുതിയ പരമ്പരയായ തൂവല്‍സ്പര്‍ശത്തിലെ പ്രധാനകഥാപാത്രമായ അവിനാഷായാണ് ദീപന്‍ ഇപ്പോള്‍ സ്‌ക്രീനിലുള്ളത്. വിവാഹം കഴിഞ്ഞയുടനായിരുന്നു ദീപന്‍ ബിഗ് ബോസില്‍ എത്തുന്നത്. അതുകൊണ്ടുതന്നെ ദീപനേയും ഭാര്യ മായയേയും പ്രേക്ഷകര്‍ക്ക് അടുത്തറിയാം. സോഷ്യല്‍മീഡിയയില്‍ സജീവമായ ദീപന്‍ തന്റെ ജീവിത്തതിലെ എല്ലാ കാര്യങ്ങളും ആരാധകര്‍ക്കായി പങ്കുവയ്ക്കാന്‍ സമയം കണ്ടെത്താറുണ്ട്.

ക്വാറന്റൈനിലിരുന്നുകൊണ്ട് മകള്‍ക്ക് പിറന്നാളാശംസകള്‍ നേരുകയാണ് ദീപന്‍. പിറന്നാളാശംസകളുമായി കഴിഞ്ഞദിവസം ദീപന്‍ പോസ്റ്റുചെയ്ത ചിത്രവും കുറിപ്പും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കളിയും ചിരിയുമായി മേധസ്വി തങ്ങളോടൊപ്പം രണ്ടുവര്‍ഷമായെന്നും, അവളുടെ അച്ഛനെന്ന വിളികളാണ് ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതെന്നുമാണ് ദീപന്‍ കുറിച്ചത്. എന്നാല്‍ മകളുടെ രണ്ടാം പിറന്നാള്‍ ആഘോഷിക്കാന്‍ കൂടെനില്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും, ഷൂട്ടിംഗ് കഴിഞ്ഞുള്ള സെല്‍ഫ് ക്വാറന്റീനില്‍ ആണെന്നുമാണ് ദീപന്‍ സങ്കടത്തോടെ പറയുന്നത്. നീ സന്തോഷത്തോടെ ഇരിക്കു, എത്രയുംപെട്ടന്ന് അച്ഛന്‍ അരികിലേക്കെത്താമെന്നും പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ദീപന്റെ കുറിപ്പിങ്ങനെ

''അച്ചന്റെ എല്ലാമെല്ലാമായ മേധസ്വി മോള്‍ക്ക് ഇത്തിരി ദൂരത്തു നിന്നും ഒത്തിരി സ്‌നേഹത്തോടെ ഒരായിരം ജന്മദിനാശംസകള്‍ നേരുന്നു...രണ്ടു വര്‍ഷമായി നിന്റെ കളിയും, ചിരിയും, കൊഞ്ചലും, കുറുമ്പും, കുസൃതിയും, അച്ചന്‍ വിളിയും എനിക്ക് എന്തിനേക്കാളും കിട്ടുന്ന ആനന്ദം ജീവിതം പൂര്‍ണ്ണമാക്കുന്നത്. ജീവന്റെ പാതിയില്‍ ഞങ്ങള്‍ക്ക് ദൈവം തന്ന വരദാനം. ഷൂട്ടിങ്ങ് കഴിഞ്ഞ് സ്വയം ക്വാറന്റീന്‍ ആയതിനാല്‍ എനിക്ക് ഓടി വന്നു ചക്കരയുമ്മ തരാനും നിന്റെ പിറന്നാള്‍ ദിനത്തില്‍ കൂടെ നില്ക്കാനും കഴിയാതെ പോകുന്ന വിഷമം പറയാന്‍ കഴിയുന്നില്ല, നീ ആരോഗ്യത്തോടെയും സന്തോഷത്തോടെ ഇരിക്കാന്‍ ആണ് അച്ഛന്റെ പ്രാര്‍ത്ഥനയും കരുതലും. അച്ചന്‍ എത്രയുംവേഗം ഓടിയെത്തും.''

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona