മുംബൈ: ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ കഥപറയുന്ന ബോളിവുഡ് ചിത്രമാണ് ഛപാക്. ദീപിക പദുകോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മേഘ്ന ​ഗുൽസാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പാട്ടിനും മേക്കിങ് വീഡിയോയ്ക്കുമൊക്കെ മികച്ച പ്രേക്ഷകപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള ദീപികയുടെ മേക്കോവറും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ, യൂണിഫോം അണിഞ്ഞ് നിൽക്കുന്ന ദീപികയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നീലയും വെള്ളയും നിറത്തിലുള്ള യൂണിഫോമിൽ ബാ​ഗും ചുമലിലിട്ട് നിൽക്കുന്ന താരത്തിന്റെ ദൃശ്യങ്ങൾ ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചിരിക്കുന്നത്.

സിനിമയിൽ നിന്നുള്ള ദീപികയുടെയും നായകൻ വിക്രാന്ത് മാസിയുടെയും ദൃശ്യങ്ങൾ നേരത്തെ വ്യാപകമായി പ്രചരിച്ചിരുന്നു. ചിത്രത്തിൽ മാലതി എന്ന് കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിക്കുന്നത്.

അതേസമയം, ചിത്രത്തിന്റെ കഥയെ ചൊല്ലി വിവാദം കൊഴുക്കുകയാണ്. ഛപാക്കിന്റെ കഥ തന്റേതാണെന്ന ‌അവകാശവാദമുന്നയിച്ച് എഴുത്തുകാരനായ രാകേഷ് ഭാരതി മുംബൈ ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. അടുത്ത വർഷം ജനുവരി 10ന് ചിത്രം തിയേറ്ററുകളിൽ‌ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ടുകൾ.