തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ആരാധകരുള്ള താരമാണ് സിമ്പു.  അഭിനേതാവ് എന്നതിൽ ഉപരി സംവിധായകനും പിന്നണിഗായകനും കൂടിയാണ് താരം. ഇപ്പോഴിതാ സിമ്പുവിന്റെ പുതിയ ലുക്കാണ് സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുന്നത്. സിമ്പുവിന്റെ പുതിയ ലുക്ക് കണ്ട് ആരാധകർ അക്ഷരംപ്രതി ഞെട്ടിയിരിക്കുകയാണ്. 

ലോക്ക്ഡൗൺ കാലത്ത് 100 കടന്ന ശരീരഭാരം 71ൽ എത്തിച്ചിരിക്കുകയാണ് നടൻ. സെലിബ്രിറ്റി ഫിറ്റ്നസ് പരിശീലകനായ സന്ദീപ് രാജിന്റെ കീഴിലാണ് താരം ഭാരം കുറച്ചത്. തന്റെ മാറ്റത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കും പ്രചോദനമായി ഒപ്പം നിന്നവർക്കും ആരാധകർക്കുമടക്കം നന്ദി പറഞ്ഞു കൊണ്ടാണ് പുതിയ ചിത്രങ്ങൾ സിമ്പു പുറത്തുവിട്ടത്. ‌സുശീന്ദ്രന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ഈശ്വരൻ' എന്ന ചിത്രത്തിനുവേണ്ടി 30 കിലോ ഭാരമാണ് സിമ്പു കുറച്ചത്.

പുലർച്ചെ 4.30 മുതൽ സിമ്പു വർക്കൗട്ടുകൾ തുടങ്ങും. ആഴ്ചയിൽ അഞ്ച് ദിവസവും വ്യായാമങ്ങൾക്കായി മാറ്റിവെയ്ക്കുന്നതിനൊപ്പം കൃത്യമായ ഡയറ്റും പാലിക്കുന്നുണ്ട്. ആഹാരത്തിൽ നിന്ന് നോൺ-വെജ്, ജങ്ക് ഫുഡ് എന്നിവ പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സാലഡുകൾ പോലുള്ള ഭക്ഷണങ്ങളിലേക്ക് മാറി. കൃത്യമായ വ്യായാമത്തിലൂടെയും ഭക്ഷണ ക്രമങ്ങളിലൂടെയുമാണ് സിമ്പു ലക്ഷ്യത്തിൽ എത്തിയതെന്ന് സന്ദീപ് പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സന്ദീപ് ഇക്കാര്യം പറഞ്ഞത്. 

അതേസമയം, സിമ്പുവിന്റെ പുതിയ ലുക്കിന് പിന്നിൽ കഠിനാധ്വാനവും സമർപ്പണവുമാണെന്ന് സഹോദരി ഇലാക്കിയ പറയുന്നു. 'ശരീരഭാരം കുറയ്ക്കുക എന്നതിനേക്കാൾ സ്വന്തം ലക്ഷ്യങ്ങളെ തിരിച്ചറിയുക എന്നതാണ് ഈ മാറ്റം. സിമ്പുവിന്റെ ഫിറ്റ്നസ് യാത്രയിൽ കുറച്ചുദിവസം ഒപ്പമുണ്ടായിരുന്നു. ലക്ഷ്യത്തിലേയ്ക്ക് എത്താനായുളള കഠിനാധ്വാനവും പ്രയത്നവും ഞാൻ നേരിൽ കണ്ടതാണ്. ആ ഇച്ഛാശക്തിക്ക് മുന്നിൽ നമസ്കരിക്കുന്നു', ഇലാക്കിയ ട്വീറ്റ് ചെയ്തു.