ചെന്നൈ: ആരാധകരുടെ ഇഷ്ട താര​ദമ്പതികളാണ് ദീപിക പദുകോണും രൺവീർ സിം​ഗും. സമൂഹമാധ്യമങ്ങളിൽ സജീവായ താരങ്ങൾ തങ്ങളുടെ ജീവിതത്തിലെ രസകരവും സന്തോഷപൂർണ്ണവുമായ നിമിഷങ്ങളെല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ദമ്പതിമാർ തന്നെ കമന്റും ചെയ്യാറുണ്ട്. രസകരമായ ഇവരുടെ കമന്റുകളും ഇരുകയ്യുംനീട്ടിയാണ് ആരാധകർ‌ സ്വീകരിക്കാറുള്ളത്.

ഇപ്പോഴിതാ, തന്റെ ഏറ്റവും പുതിയ ചിത്രമായ 83ന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്യുന്നതിനായി ചെന്നൈയിൽ പോയ രൺവീർ‌ സിം​ഗിന് വലിയൊരു ലിസ്റ്റ് ഒരുക്കിയിരിക്കുകയാണ് ദീപിക. 'ചെന്നൈയിൽനിന്ന് വരുമ്പോൾ ശ്രീകൃഷ്ണയിൽനിന്ന് ഒരു കിലോ മൈസൂർ പാക്കും ഹോട് ചിപ്പ്സിൽനിന്ന് രണ്ടര കിലോ സ്പൈസി ഉരുളകിഴങ്ങ് ചിപ്സും വാങ്ങിക്കണം. അല്ലാതെ ഇങ്ങോട്ടേക്ക് മടങ്ങി വരേണ്ടാ', എന്നായിരുന്നു ദീപിക ഭർത്താവിന് നൽകിയ നിർദ്ദേശം.

 

ചിത്രത്തിന്റെ പ്രെമോഷന്റെ ഭാ​ഗമായി മോഷൻ പോസ്റ്റർ റിലീസ് ചെയ്യുന്നതിനായി എത്തിയ താരങ്ങൾ‌ക്കൊപ്പം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച രൺവീറിന്റെ ചിത്രത്തിന് താഴെയായിട്ടായിരുന്നു ദീപികയുടെ കമന്റ്. നിരവധി പേരാണ് ദീപികയുടെ കമന്റിന് ലൈക്കടിച്ചിരിക്കുന്നത്. 'ടിപ്പിക്കൽ സൗത്ത് ഇന്ത്യൻ ഭാര്യ തന്നെ', 'ഇതാണ് യഥാർത്ഥ ഭാര്യ', തുടങ്ങിയ നിരവധി കമന്റുകളാണ് ദീപികയ്ക്ക് ലഭിക്കുന്നത്. ശ്രീകൃഷ്ണയിലെ മൈസൂർ പാക്കിനെയും പ്രശംസിച്ച് നിരവധി പേർ രം​ഗത്തെത്തിയിട്ടുണ്ട്. 

ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ലോകകപ്പ് നേട്ടത്തെ ആസ്പദമാക്കി ഒരുക്കുന്ന ബോളിവുഡ് ചിത്രമാണ് 83. ചിത്രത്തിൽ കപീൽ‌ ദേവായാണ് രൺവീർ സിം​ഗ് വേഷമിടുന്നത്. ചെന്നൈയിൽ വച്ച് കപിൽ ദേവും കമൽഹാസനും അടങ്ങുന്ന താരനിരയ്ക്കൊപ്പമാണ് രൺവീർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രത്തിൽ ദീപിക പദുകോണാണ് കപിലിൻ്റെ ഭാര്യ റോമി ഭാട്ടിയയുടെ വേഷത്തിലെത്തുന്നത്. വിവാഹശേഷം ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും 83ഉണ്ട്.

കബീര്‍ ഖാൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹാർഡി സന്ധു, തഹിർ രാജ് ഭാസിൻ, സാഖിബ് സലീം, അമ്മി വിർക്, ധൈര്യ കാര്‍വേ, ആദിനാഥ് കോത്താരെ, അമ്മി വിര്‍ക്ക്, സാഹില്‍ ഖട്ടർ, ചിരാഗ് പാട്ടീൽ, ദിനകര്‍ ശര്‍മ്മ, ജതിന്‍ സര്‍ണ, നിഷാന്ത് ദഹിയ, ആര്‍ ബദ്രി, പങ്കജ് ത്രിപാഠി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. 2020 ഏപ്രിൽ 10ന് ചിത്രം തിയേറ്ററുകളിൽ എത്തും.