തിരുവനന്തപുരം: ദൃശ്യം എന്ന ചലച്ചിത്രം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ നിര്‍മ്മാണ ജോലികള്‍ പൂജയോടെ ആരംഭിച്ചുവെന്നാണ് വാര്‍ത്ത. അതിനാല്‍ തന്നെ ഈ ചിത്രത്തെക്കുറിച്ച് വീണ്ടും ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. ദൃശ്യത്തിന്‍റെ വിവിധ വശങ്ങള്‍ സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ പ്രധാന്യം നേടുന്നത് ഒരു ചിത്രമാണ്. 

ഈ ചര്‍ച്ചയിലേക്ക് കടക്കും മുന്‍പേ ദൃശ്യത്തിന് അപൂര്‍വ്വമായ ഒരു നേട്ടമുണ്ട്. വിദേശത്തും സ്വദേശത്തുമായി ആറ് ഔദ്യോഗിക റീമേക്കുകള്‍ ഉണ്ടായ ചിത്രമാണ് ദൃശ്യം. 2014 ല്‍ കന്നഡയില്‍ ദൃശ്യം എന്ന പേരില്‍, അതേ വര്‍ഷം തന്നെ തെലുങ്കിലും ദൃശ്യം എന്ന പേരില്‍ പുറത്തിറങ്ങി. 2015 ല്‍ തമിഴില്‍ പാവനാശം എന്ന് പേരില്‍ ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു. 2015 ല്‍ തന്നെ ഹിന്ദിയിലും ദൃശ്യം എന്ന പേരില്‍ റീമേക്ക് ചെയ്തു. 2017 ല്‍ സിംഹള ഭാഷയില്‍ ധര്‍മ്മയുദ്ധ എന്ന പേരില്‍ റീമേക്ക് ചെയ്യപ്പെട്ടു. 2019ല്‍ ചൈനയിലും ദൃശ്യം റീമേക്ക് ചെയ്യപ്പെട്ടു ഷീപ്പ് വിത്ത്ഔട്ട് ഷെപ്പേര്‍ഡ് എന്ന പേരിലായിരുന്നു ഇത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ചിത്രം ചൈനയില്‍ റീമേക്ക് ചെയ്യപ്പെട്ടത്.

ദൃശ്യം സിനിമയിലെ തന്ത്രപ്രധാനമായ ഒരു രംഗമാണ് ജോര്‍ജുകുട്ടി, ഒടുവില്‍ മകന്‍ നഷ്ടപ്പെട്ട ഐജിക്കും ഭര്‍ത്താവിനും മുന്നില്‍ കുറ്റം ഏറ്റുപറഞ്ഞ് അവരെ കൈതൊഴുന്നത്. ഈ രംഗം വിവിധ ഭാഷകളില്‍ എങ്ങനെയാണ് എന്നതിന്‍റെ സ്ക്രീന്‍ ഷോട്ടുകള്‍ ഒന്നിച്ചുവച്ചുള്ള ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വിവിധ സിനിമ ഗ്രൂപ്പുകളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. 

മലയാളത്തിലെ ദൃശ്യത്തിലെ മോഹന്‍ലാലിന് പുറമേ, കന്നഡയിലെ ദൃശ്യത്തില്‍ അഭിനയിച്ച രവിചന്ദ്രന്‍, പാവനാശത്തില്‍ അഭിനയിച്ച കമല്‍ഹാസന്‍, ഹിന്ദി ദൃശ്യത്തില്‍ അഭിനയിച്ച അജയ് ദേവഗണ്‍, തെലുങ്ക് റീമേക്കില്‍ അഭിനയിച്ച വെങ്കിടേഷ്, സിംഹള റീമേക്കില്‍ അഭിനയിച്ച ജാക്സണ്‍ ആന്‍റണി, ചെനീസ് റീമേക്കില്‍ അഭിനയിച്ച സിയാവോ യാങ് എന്നിവരുടെ ചിത്രങ്ങളാണ് പ്രചരിക്കുന്ന ചിത്രത്തിലുള്ളത്.

ആരാണ് ഈ രംഗത്തില്‍ മികച്ചത് എന്നതിന് വലിയൊരു വിഭാഗത്തിനും മോഹന്‍ലാല്‍ എന്നാണ് ഉത്തരം. ചിലര്‍ കമല്‍ഹാസന്‍റെ പ്രകടനത്തിനൊപ്പം കൂടുന്നു. എന്നാല്‍ ഇത് സ്വതവേ മലയാളികള്‍ എല്ലാം കണ്ട ചിത്രമായതുകൊണ്ടാണ് എന്ന അഭിപ്രായം പങ്കുവയ്ക്കുന്നവരും കുറവല്ല. അതേ സമയം ചൈനീസ് റീമേക്കിലെ സിയാവോ യാങിന്‍റെ പ്രകടനത്തിന് മാര്‍ക്ക് കൊടുക്കുന്നവരുമുണ്ട്.