മമ്മൂട്ടിയുടെ വാഹനപ്രേമം അതേപോലെ പകര്‍ന്നുകിട്ടിയിട്ടുള്ള ആളാണ് ദുല്‍ഖര്‍ സല്‍മാന്‍. '369' നമ്പരുകളിലുള്ള ആ വാഹനങ്ങള്‍ ഏത് തിരക്കിലും ആരാധകരുടെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ അത്തരത്തില്‍ ഒരു '369' വാഹനത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍റെ ഉടമസ്ഥതയിലുള്ള പോര്‍ഷെ പനമേറ ടര്‍ബോ സ്പോര്‍ട്‍സ് കാര്‍ ആണ് വൈറല്‍ വീഡിയോയിലെ ശ്രദ്ധാകേന്ദ്രം.

ഒരു ട്രാഫിക് സിഗ്നലിന് സമീപം മീഡിയന് വലതുവശത്ത് സിഗ്നല്‍ കാത്തുകിടക്കുകയാണ് വീഡിയോയില്‍ ഈ കാര്‍. ട്രാഫിക് നിയമ ലംഘനം ശ്രദ്ധയില്‍പ്പെട്ട ഡ്യൂട്ടിയിലുള്ള പൊലീസുകാരന്‍ അവിടേക്ക് എത്തുന്നതും തുടര്‍ന്ന് അതേ ലൈനില്‍ റിവേഴ്സ് ഗിയറില്‍ എടുത്ത് വാഹനം ശരിയായ ദിശയില്‍ പോകുന്നതും വീഡിയോയില്‍ കാണാം. 

നമ്പര്‍ പ്ലേറ്റ് ശ്രദ്ധയില്‍പ്പെട്ട രണ്ട് യുവാക്കളാണ് വീഡിയോ എടുത്തിരിക്കുന്നത്. തങ്ങളുടെ ഇരുചക്ര വാഹനത്തില്‍ ഇവര്‍ ഈ കാറിനെ ഫോളോ ചെയ്യുന്നുമുണ്ട്. 'കുഞ്ഞിക്ക' എന്നു വിളിക്കുമ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നയാള്‍ ഇവരെ അഭിവാദ്യം ചെയ്യുന്നുണ്ട്. എന്നാല്‍ വിന്‍ഡ് സ്ക്രീന്‍ കയറ്റി ഇട്ടിരിക്കുന്നതിനാല്‍ ഇത് ദുല്‍ഖര്‍ ആണോ എന്നത് വ്യക്തമല്ല. ഏതായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

2018ലാണ് തന്‍റെ കാര്‍ ശേഖരത്തിലേക്ക് ദുല്‍ഖര്‍ നീല നിറത്തിലുള്ള പോര്‍ഷെ പനമേറ ടര്‍ബോ എത്തിക്കുന്നത്. സ്പോര്‍ട്സ് കാറുകളില്‍ നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന അപൂര്‍വ്വം വാഹനങ്ങളില്‍ ഒന്നാണ് ഇത്. 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ 3.8 സെക്കന്‍ഡ് മാത്രം ആവശ്യമുള്ള ഈ കാറിന് രണ്ട് കോടിക്കു മുകളിലാണ് വില. 550 എച്ച് പി പവറും 770 എന്‍എം ടോര്‍ക്കും നല്‍കുന്ന 4.0 ലിറ്റര്‍ വി8 എന്‍ജിനാണ് പോര്‍ഷെ പനമേറയ്ക്ക്.