കൊവിഡ് കാലത്ത് സിനിമാതാരങ്ങളില്‍  പലരും സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ ആക്ടീവ് ആണ്. സാമൂഹികവിഷയങ്ങളില്‍ സ്വന്തം അഭിപ്രായം കുറിയ്ക്കുന്നതിനൊപ്പം സ്വകാര്യജീവിതത്തിലെ പല നിമിഷങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട് അവര്‍. അക്കൂട്ടത്തില്‍ പെടുന്ന ആളാണ് ദുല്‍ഖര്‍ സല്‍മാനും. ഇപ്പോഴിതാ മകള്‍ക്കുവേണ്ടി താന്‍ വരച്ച ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ദുല്‍ഖര്‍ പങ്കുവച്ചിരിക്കുന്നത്. 

മേരി എന്ന് വിളിപ്പേരുള്ള മൂന്നു വയസ്സുകാരി മകള്‍ മറിയം സമീറ സല്‍മാനുവേണ്ടിയാണ് ദുല്‍ഖര്‍ ചിത്രം വരച്ചിരിക്കുന്നത്. വരച്ചിരിക്കുന്നത് ഒരു മോട്ടോര്‍ ബൈക്കിന്‍റെ ചിത്രമാണ്. ഹൈസ്കൂള്‍ കാലത്തിനു ശേഷം ഇപ്പോഴായിരിക്കും താനൊരു പെയിന്‍റ് ബ്രഷ് കൈയ്യിലെടുക്കുന്നതെന്നും അതൊരു കാറിന്‍റെയോ ബൈക്കിന്‍റെയോ ആയി മാറുന്നത് സ്വാഭാവികമാണെന്നും തന്‍റെ താല്‍പര്യം വ്യക്തമാക്കി ദുല്‍ഖര്‍ കുറിയ്ക്കുന്നു. ഒപ്പം താന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന ചിത്രത്തിന്‍റെ ഏഴാം വാര്‍ഷികത്തിന്‍റെ കാര്യവും ദുല്‍ഖര്‍ സൂചിപ്പിക്കുന്നു. ഒരു റോഡ് മൂവി ആയിരുന്ന ചിത്രത്തില്‍ ദുല്‍ഖര്‍, സണ്ണി വെയ്ന്‍ കഥാപാത്രങ്ങളുടെ ദീര്‍ഘദൂര ബൈക്കിംഗ് ആയിരുന്ന പശ്ചാത്തലം. 2013 ഓഗസ്റ്റ് എട്ടിനാണ് ചിത്രം തീയേറ്ററുകളിലെത്തിയത്.

അതേസമയം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് നീട്ടിവച്ച സിനിമകളുടെ കൂട്ടത്തില്‍ ദുല്‍ഖര്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കുറുപ്പു'മുണ്ട്. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പാണ് ദുല്‍ഖറിന്‍റെ കഥാപാത്രം. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍റ് ഷോയുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് സംവിധാനം. മെയ് മാസത്തില്‍ റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം നിലവിലെ സാഹചര്യത്തില്‍ അനിശ്ചിതമായി നീട്ടിവച്ചിരിക്കുകയാണ്.