എഴുത്തുകാരി കൂമി കപൂർ, കങ്കണ റണൗട്ടിന്റെ 'എമർജൻസി' സിനിമ തന്റെ പുസ്തകത്തിന്റെ കോപ്പിയാണെന്നും കരാർ ലംഘിച്ചുവെന്നും ആരോപിച്ച് കേസ് ഫയൽ ചെയ്തു. 

ദില്ലി: വക്കീല്‍ നോട്ടീസുകള്‍ക്ക് മറുപടി ലഭിക്കാത്തതിനെ തുടർന്ന് മുതിർന്ന പത്രപ്രവർത്തകയും എഴുത്തുകാരിയുമായ കൂമി കപൂർ നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ടിന്‍റെ മണികർണിക ഫിലിംസിനെതിരെയും സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിനുമെതിരെ കേസ് ഫയൽ ചെയ്തു. 

എമർജൻസി എന്ന സിനിമ തന്‍റെ 'ദി എമർജൻസി: എ പേഴ്‌സണൽ ഹിസ്റ്ററി' എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് എടുത്തത് എന്നും. എന്നാല്‍ ഇരു കക്ഷികളും കരാർ ലംഘിച്ചുവെന്നും തനിക്ക് മാനനഷ്ടം ഉണ്ടാക്കുന്ന രീതിയിലാണ് പടം എടുത്തത് എന്നുമാണ് കപൂർ ആരോപിച്ചിരിക്കുന്നത്.

2015-ൽ പെൻഗ്വിൻ പ്രസിദ്ധീകരിച്ച പുസ്തകം സിനിമയായി എടുക്കാനുള്ള ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച് ഒപ്പുവച്ച ത്രികക്ഷി കരാർ "നഗ്നമായി ലംഘിക്കപ്പെട്ടു" എന്നാണ് എഴുത്തുകാരിയായ കൂമി കപൂർ പറയുന്നത്. 

1975-77 ലെ അടിയന്തരാവസ്ഥ കാലഘട്ടത്തെക്കുറിച്ചുള്ള വിശദമായ വിവരണം നൽകുന്ന കപൂറിന്റെ ദി എമർജൻസി ആ കാലഘട്ടത്തെക്കുറിച്ച് നടത്തിയ അവരുടെ വിപുലമായ ഗവേഷണവും വ്യക്തിപരമായ അനുഭവത്തെയും അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് വലിയതോതില്‍ നിരൂപക പ്രശംസ നേടിയ പുസ്തകമാണ്. 

കങ്കണയുടെ എമര്‍ജന്‍സി ചിത്രം 'ചരിത്രപരമായ കൃത്യതയില്ലായ്മകള്‍' നിറഞ്ഞതാണ് എന്നാണ് എഴുത്തുകാരി ആരോപിക്കുന്നത്. അതിനാല്‍ തന്നെ തന്‍റെ പുസ്തകത്തെ ആളുകള്‍ കുറ്റപ്പെടുത്തുന്നു. സിനിമയിലെ തെറ്റായ കാര്യങ്ങള്‍ ഗുരുതരമായ വിശ്വാസ ലംഘനമാണെന്ന് കൂമി കപൂർ ആരോപിക്കുന്നു.

"ഞാൻ കങ്കണ റണൗട്ടിനെയും സഹോദരനും നിർമ്മാതാവുമായ അക്ഷത് റണൗട്ടിനെ ഫോൺ ചെയ്തു. എന്നാൽ ഒരു മറുപടിയും ലഭിച്ചില്ല " ഇതോടെയാണ് വക്കീല്‍ നോട്ടീസ് അയച്ച് ഒരു മാസത്തിന് ശേഷം നിയമനടപടിയിലേക്ക് കടക്കാന്‍ എഴുത്തുകാരി തീരുമാനിച്ചത്. കൃത്യമായ വിവരങ്ങളുള്ള പുസ്തകം ഒരു ചെറിയ വായന പോലും തിരക്കഥാകൃത്ത് നടത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് എഴുത്തുകാരി ആരോപിക്കുന്നു. 

തീയറ്ററില്‍ വലിയ ചലനം ഉണ്ടാക്കാത്ത ചിത്രമായിരുന്നു എമര്‍ജന്‍സി. ഹിസ്റ്റോറിക്കല്‍ ബയോഗ്രഫിക്കല്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയാണ് കങ്കണ എത്തിയത്. 60 കോടി ആയിരുന്നു ചിത്രത്തിന്‍റെ ബജറ്റ്. സീ സ്റ്റുഡിയോസുമായി ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക ഫിലിംസ് ആണ് ചിത്രം നിര്‍മ്മിച്ചത്. തിയറ്ററില്‍ പരാജയപ്പെട്ട ചിത്രം പക്ഷേ ഒടിടി ഡീല്‍ കൊണ്ട് കങ്കണയുടെ സാമ്പത്തിക ഭാരം കുറച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

നെറ്റ്ഫ്ലിക്സ് ആണ് ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് കരസ്ഥമാക്കിയിരുന്നത്. കഴിഞ്ഞ ദിവസം ചിത്രം നെറ്റ്ഫ്ലിക്സില്‍ പ്രദര്‍ശനം ആരംഭിക്കുകയും ചെയ്തിരുന്നു. 123 തെലുങ്കില്‍ വന്ന റിപ്പോര്‍ട്ട് അനുസരിച്ച് ഒടിടി റൈറ്റ്സ് ഇനത്തില്‍ ചിത്രം നേടിയിരിക്കുന്ന തുക 80 കോടിയാണ്. സമീപകാലത്ത് ഒരു ബോളിവുഡ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന ഏറ്റവും വലിയ ഒടിടി റൈറ്റ്സ് തുകകളില്‍ ഒന്നുമാണ് ഇത്. 

ഒടിടി റൈറ്റ്സിലൂടെ തിയറ്റർ കളക്ഷന്‍റെ മൂന്നിരട്ടി? കങ്കണയുടെ 'എമർജൻസി'ക്ക് നെറ്റ്ഫ്ലിക്സ് നല്‍കിയത്

തകര്‍ന്നടിഞ്ഞ് എമര്‍ജൻസി, നേടിയത്?, ഇനി ഒടിടിയിലേക്ക്, എവിടെ?, എപ്പോള്‍?