പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയാണ് കസ്തൂരിമാനിലെ ശ്രീക്കുട്ടി. അതുകൊണ്ടുതന്നെ ഹരിത എന്ന പേരിനേക്കാളും മലയാളിക്ക് ഹൃദിസ്ഥമായ പേര് ശ്രീക്കുട്ടി എന്നതുതന്നെയാണ്. തനതായ അഭിനയ മികവും ശൈലിയുംകൊണ്ട് താരം സിനിമാ സീരിയല്‍ രംഗത്ത് നിലയുറപ്പിച്ചുകഴിഞ്ഞു. ഇതിനോടകം ഹരിത പല മലയാളം സിനിമകളിലും മുഖം കാണിച്ചു കഴിഞ്ഞു. കാര്‍ബണ്‍ എന്ന സിനിമയില്‍ താരം കൈകാര്യം ചെയ്തത് ചെറിയ വേഷം സീരിയല്‍താരം എന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം താരം തന്റെ ആദ്യസിനിമയുടെ ചിത്രവും, ആദ്യമായി പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ചിത്രവും സേഷ്യല്‍മീഡിയയില്‍ പങ്കുവച്ചതാണ് പുതിയ വിശേഷം. നടന്‍ ഷറഫുദ്ദീനുമൊന്നിച്ചുള്ള സെല്‍ഫിയും, കാര്‍ബണ്‍ സിനിമയിലെ ഇരുവരുടേയും വിവാഹ രംഗത്തിന്റെ ഫോട്ടോയുമാണ് ഹരിത പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ അടിക്കുറിപ്പുപോലും വായിക്കാതെ ആരാധകര്‍ ഇരുവരുടേയും വിവാഹം കഴിഞ്ഞെന്ന് അനുമാനിച്ചു. രണ്ടുപേര്‍ക്കും വിവാഹമംഗളാശംസകളും, ദാമ്പത്യജീവിത്തിന് മംഗളം നേരാനും ആരും മറന്നില്ല.

പരമ്പരയിലെ സ്വതസിദ്ധമായ അഭിനയംതന്നെയാണ് താരത്തെതേടി സിനിമകളെത്താനുള്ള കാരണം. ''ഒരു പക്കാ നാടന്‍ പ്രേമം'' എന്ന സിനിമയിലൂടെ ഹരിത മലയാളം സിനിമാ മേഖലയിലേക്കൊരു പുത്തന്‍ നായികയായി എത്തുകയാണ്. '2018 ജനുവരി 19 ആദ്യമായി ബിഗ്‌സ്‌ക്രീനില്‍ മുഖം തെളിഞ്ഞ ദിവസം. 

2020 ജനുവരി 19 ആദ്യമായി പ്രധാനകഥാപാത്രമായി അഭിനയിക്കുന്ന സിനിമയുടെ ഓഡിയോ ലോഞ്ച്.. പടച്ചോനെ' എന്നു പറഞ്ഞാണ് താരം ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടാതെ തിരുവനന്തപുരം സി.ഇ.ടി കോളേജില്‍ നടന്ന ഒരു പക്കാ നാടന്‍പ്രേമം സിനിമയുടെ ഓഡിയോ ലോഞ്ചിന്റെ ചിത്രങ്ങളും താരം  പങ്കുവച്ചിട്ടുണ്ട്.