ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടെ സംവദിക്കാറുള്ള താരമാണ് ഷാരൂഖ് ഖാന്‍. #AskSRK എന്ന ടാഗില്‍ ട്വിറ്ററിലൂടെ അദ്ദേഹം മുന്‍പും നടത്തിയിട്ടുള്ള രസകരമായ സംവാദങ്ങള്‍ പലപ്പോഴും വാര്‍ത്താ തലക്കെട്ടുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും അത്തരത്തിലൊരു സംവാദം ആരാധകരുമായി അദ്ദേഹം നടത്തി. എല്ലാത്തവണത്തേതും പോലെ കൗതുകകരമായതും ഗൗരവത്തിലുള്ളതുമായ ചോദ്യങ്ങളൊക്കെ അദ്ദേഹത്തെ തേടിയെത്തി. തെരഞ്ഞെടുത്ത നിരവധി ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കുകയും ചെയ്തു. ഏറ്റവമധികം റിയാക്ഷനുകള്‍ നേടിയ ഉത്തരം 'മന്നത്ത്(ഷാരൂഖ് ഖാന്‍റെ മുംബൈയിലെ വീടിന്‍റെ പേര്) വില്‍ക്കാന്‍ ആലോചിക്കുന്നുണ്ടോ' എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ നല്‍കിയ മറുപടി ആയിരുന്നു.

ഷാരൂഖിന്‍റെ മറുപടി ഇങ്ങനെ- "മന്നത്ത് ഒരിക്കലും വില്‍പനയ്‌ക്കുള്ളതല്ല. അത് ചോദിക്കാനുള്ളതാണ്. ഇത് ഓര്‍മ്മ വച്ചിരുന്നാല്‍ ജീവിതത്തില്‍ താങ്കള്‍ക്ക് ചിലത് നേടാനാവും"(മന്നത്ത് എന്ന വാക്കിന്‍റെ ഉറുദു അര്‍ഥം ദൈവത്തോടുള്ള പ്രാര്‍ഥന അഥവാ അപേക്ഷ എന്നാണ്). 50,000ല്‍ അധികം ലൈക്കുകളും ആറായിരത്തിലധികം ഷെയറുകളുമാണ് ഈ ട്വീറ്റ് നേടിയത്. താങ്കളുടെ ക്വാറന്‍റൈന്‍ എങ്ങനെയാണെന്നായിരുന്നു മറ്റൊരു ആരാധകന് അറിയേണ്ടത്. സിനിമകള്‍ കാണലാണ് പ്രധാന പരിപാടിയെന്ന് കിംഗ് ഖാന്‍റെ മറുപടി. ഈ ദിവസങ്ങളില്‍ എന്തൊക്കെയാണ് തിരക്കുകളെന്ന മറ്റൊരു ചോദ്യത്തിന് 'കുട്ടികള്‍, വ്യായാമം, ഐപിഎല്‍ കാണല്‍' എന്ന് മറുപടി. ബിഗ് സ്ക്രീനില്‍ ഇനി എന്നു കാണാനാവുമെന്ന ചോദ്യത്തിന്, ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷനും തീയേറ്ററുകള്‍ സാധാരണ നിലയിലേക്ക് എത്തലുമെല്ലാം ചേര്‍ന്ന് ഒരു വര്‍ഷമെടുക്കുമെന്ന് കരുതുന്നതായും ഷാരൂഖ് പറഞ്ഞു.

2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ 'സീറോ'യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയാണ് ഷാരൂഖ് ഖാന്‍. അതിനുശേഷം ഔദ്യോഗികമായി ഒരു അനൗണ്‍സ്‍മെന്‍റ് പോലും അദ്ദേഹത്തിന്‍റേതായി പുറത്തെത്തിയിട്ടില്ല. ആറ്റ്ലി സംവിധാനം ചെയ്യുന്ന ഒരു ചിത്രമാണ് അദ്ദേഹത്തിന്‍റേതായി പുതുതായി പറഞ്ഞുകേള്‍ക്കുന്നത്. ഇതില്‍ ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെ ആയിരിക്കും കിംഗ് ഖാന്‍ അവതരിപ്പിക്കുക. ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവും കഥാപാത്രത്തിന്. ഈ പ്രോജക്ടിനെക്കുറിച്ച് ഏറെനാള്‍ നീണ്ട ചര്‍ച്ചകള്‍ ആറ്റ്ലിക്കും ഷാരൂഖ് ഖാനുമിടയില്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് ഭീതി ഒഴിയുന്നപക്ഷം 2021 ആദ്യപകുതിയില്‍ ഈ സിനിമയുടെ ചിത്രീകരണം നടത്താനാണ് നിര്‍മ്മാതാക്കളുടെ പദ്ധതി. അതേസമയം രാജ്‍കുമാര്‍ ഹിറാനി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഷാരൂഖ് അടുത്ത് അഭിനയിക്കാനിരുന്നതെന്നും ചിത്രം ഈ വര്‍ഷാവസാനം ഷൂട്ട് ചെയ്യാനിരുന്നതാണെന്നുമാണ് വിവരം. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ ഇത് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. പഞ്ചാബ്, കാനഡ എന്നിവിടങ്ങളിലും മറ്റു മൂന്ന് വിദേശ ലൊക്കേഷനുകളിലും ചിത്രീകരിക്കേണ്ട സിനിമയാണ് ഇത്. 2021ല്‍ ഈ ചിത്രവും പൂര്‍ത്തിയാക്കാനാണ് നിലവിലെ പദ്ധതി. എന്നാല്‍ കൊവിഡ് ഭീതി ഒഴിയുന്ന മുറയ്ക്കേ അന്തിമ തീരുമാനം വരൂ.