ലുങ്കിയും ഷർട്ടും ധരിച്ച് വയലിൽ നിന്ന് പോപ് ​ഗായകൻ ജസ്റ്റിൻ ബീബറിന്റെ 'ബേബി' ​ഗാനം പാടി തകർക്കുന്ന കർഷകനെ കയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. 

ബെം​ഗളൂരു: പോപ് ഗാനങ്ങളുടെ രാജകുമാരന്‍ ജസ്റ്റിൻ ബീബറിന്റെ 'ബേബി' എന്ന ​ഗാനം പാടി തകർത്ത് കർണാടകയിലെ കർഷകൻ. ലുങ്കിയും ഷർട്ടും ധരിച്ച് വയലിൽ പണിയെടുത്ത് കൊണ്ടിരിക്കുന്നതിനിടെ ബേബി ​ഗാനം പാടുന്ന കർഷകനെ കയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ് സമൂഹമാധ്യമങ്ങൾ. മൂന്ന് മിനിട്ട് പത്ത് സെക്കന്റുള്ള വീഡിയോ ആളുകളെ ഒരേസമയം ചിരിപ്പിക്കുകയും അമ്പരിപ്പിക്കുകയും ചെയ്യുന്നതാണ്.

എംഎസ് ഇസൈ പള്ളി എന്നയാളാണ് പാട്ട് പാടുന്ന കർഷകന്റെ വീഡിയോ യൂട്യൂബിൽ പങ്കുവച്ചത്. ബീബറിന്റെ ഹിറ്റ് ലിസ്റ്റുകളിൽ മുന്നിൽ നിൽക്കുന്നതാണ് 2009ൽ പുറത്തിറങ്ങിയ ബേബി എന്ന ​ഗാനം. പാടത്ത് തരിക്ക് പിടിച്ച പണികളിൽ ഏർപ്പെട്ടുക്കൊണ്ടിരിക്കുകയായിരുന്ന കർഷകനോട് യുവാക്കൾ പാട്ട് പാടാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, പാട്ട് പാടാൻ ആദ്യം വിസമ്മതിച്ച കർഷകൻ പിന്നീട് പാടാമെന്ന് ഏൽക്കുകയായിരുന്നു.

"

മൊബൈലിൽ ബേബി ​ഗാനത്തിന്റെ മ്യൂസിക്ക് വച്ചതിന് ശേഷം തന്റേതായ ശൈലിയിലാണ് കർഷകൻ പാട്ട് പാടുന്നത്. വരികളും താളവും തെറ്റിക്കാതെ ഏകദേശം ബീബറിന്റേത് പോലെ തന്നെയായിരുന്നു കർഷകൻ പാട്ട് പാടുന്നത്. വരികൾ തെറ്റാതെ കൃത്യമായി ​ഗാനം ആലപിക്കുന്ന കർഷകനെ അമ്പരന്നിരിക്കുകയാണ് ആരാധകർ. 74,648 ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.