വീട്ടിലെ പുസ്തകങ്ങള്‍ക്കായി ഒരു മുറി ഒരുക്കാന്‍ പോകുകയാണെന്നും, അതിനായി അച്ഛന്റെ പുസ്തകങ്ങളും ചേര്‍ത്തുവച്ചപ്പോഴാണ് പഴയകാലത്തെ ഓര്‍മ്മകള്‍ പുറത്തേക്ക് വന്നതെന്നും പറഞ്ഞാണ് ഗായത്രി പറയുന്നു.

കരിയറിലെ ഒരൊറ്റ പരമ്പരയിലൂടെയാണ് ഗായത്രി അരുണ്‍ മലയാളിക്ക് പ്രിയപ്പെട്ട താരമായി മാറിയത്. പരസ്പരം എന്ന ജനപ്രിയ പരമ്പരയിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രമാണ് ഗായത്രിയെ ജനഹൃദയങ്ങളിലേറ്റിയത്. ഒറ്റ പരമ്പരയിലൂടെ ഇത്രയേറെ ആരാധകരെ സ്വന്തമാക്കിയ മറ്റൊരു സീരിയല്‍ താരമുണ്ടോ എന്നത് സംശയമാണ്. മമ്മൂട്ടിയുടെ വണ്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലും ശക്തമായ കഥാപാത്രവുമായി ഗായത്രി അരുണ്‍ എത്തിയിരുന്നു. വണ്‍ ചിത്രത്തിലെ വേഷത്തിന് നിരൂപകപ്രശംസ നേടാനും താരത്തിനായിട്ടുണ്ട്. സോഷ്യല്‍മീഡിയയിലും സജീവമായ താരം വ്യക്തിപരമായ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്.

കഴിഞ്ഞ ദിവസം ഗായത്രി പങ്കുവച്ച നീണ്ട ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. വീട്ടിലെ പുസ്തകങ്ങള്‍ക്കായി ഒരു മുറി ഒരുക്കാന്‍ പോകുകയാണെന്നും, അതിനായി അച്ഛന്റെ പുസ്തകങ്ങളും ചേര്‍ത്തുവച്ചപ്പോഴാണ് പഴയകാലത്തെ ഓര്‍മ്മകള്‍ പുറത്തേക്ക് വന്നതെന്നും ഗായത്രി കുറിക്കുന്നു. പുസ്തകങ്ങളോടുള്ള സ്‌നേഹത്തെ ഇത്ര മനോഹരമായി കുറിച്ചതിലുള്ള അത്ഭുതം താരത്തിന്റെ ആരാധകര്‍ കമന്റായി പങ്കുവയ്ക്കുന്നുണ്ട്. പത്താംക്ലാസ് വേനലവധിക്കാണ് പുസ്തകവുമായി ഇഷ്ടത്തിലാകുന്നതെന്നും, അച്ഛന്റെ പുസ്തക അലമാരയിലെ പുസ്തകങ്ങള്‍ വായിച്ചുകൊണ്ടാണ് താന്‍ ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും പ്രൊമോന്‍ നേടുന്നതെന്നുമാണ് താരം പറയുന്നത്.

ഗായത്രിയുടെ കുറിപ്പിങ്ങനെ

''അച്ഛന്റെ ശേഖരത്തിലെ പുസ്തകങ്ങള്‍ വായിച്ചാണ് ഞാന്‍ വളര്‍ന്നത്. ബാലരമയില്‍ നിന്നും പൂമ്പാറ്റയില്‍ നിന്നും ഒക്കെ പ്രൊമോഷന്‍ സ്വയം നേടിയെടുത്തത് പത്താംക്ലാസ് വെക്കേഷന്‍ സമയത്താണ്. അത് വരെ എനിക്ക് അന്യമായിരുന്ന അച്ഛന്റെ പുസ്തകങ്ങള്‍ നിറച്ച അലമാരയോട് പെട്ടെന്ന് തന്നെ സൗഹൃദത്തിലായി. തകഴിയും ബഷീറും എം.ടി യും എസ്.കെ യും ഒക്കെ പരിചയക്കാരായി മാറി. കൂട്ടത്തില്‍ ബഷീറിനെ കുറച്ചധികം ഇഷ്ടമായി. ആളുടെ ഓരോരോ തമാശകള്‍! ആ വേനലവധിക്കാലത്ത് വായിച്ചു തീര്‍ത്ത അത്ര ആവേശത്തോടെ പിന്നീട് വായന തുടരാന്‍ സാധിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.

പുസ്തകങ്ങള്‍ ലൈബ്രറിയില്‍ നിന്ന് എടുക്കുന്നതിലും സ്വന്തമായ് വാങ്ങിച്ച് വായിക്കുന്നത് ആണ് എനിക്കിഷ്ടം. നമ്മുടെ സ്വന്തം സാധനങ്ങളോടുള്ള സ്വാതന്ത്ര്യകൂടുതലോ ഷെല്‍ഫില്‍ പുസ്തകങ്ങളുടെ എണ്ണം കൂടുന്നത് കാണുമ്പോഴുള്ള സന്തോഷമോ ഒക്കെയാവാം അതിനുപിന്നിലെ കാരണം. അങ്ങനെ വാങ്ങിച്ചു മുഴുവന്‍ വായിച്ചതും പകുതി വായിച്ചതും തീരെ വായിക്കാത്തതുമായ കുറച്ചു പുസ്തകങ്ങള്‍ ഇപ്പോള്‍ ശേഖരത്തില്‍ ഉണ്ട്. അവയൊക്കെ ഭംഗിയായി അടുക്കി വയ്ക്കാനും വായിക്കാനുമായുള്ള ഒരു ചെറിയ മുറിയുടെ പണിയിലാണ് ഇപ്പോള്‍. അപ്പോഴാണ് ഓര്‍മ്മ വന്നത്. അച്ഛന്റെ കൈയിലെ
പുസ്തകങ്ങള്‍ കൂടി എടുക്കാം. വീട് പുതുക്കി പണിതപ്പോള്‍ കെട്ടി ഒതുക്കി വച്ചിരുന്നതെല്ലാം ഇന്ന് അമ്മയും ഞാനും കൂടെ തപ്പി എടുത്തതാണ് ഈ പുസ്തകങ്ങള്‍. ഇതിന്റെ എണ്ണം കണ്ട് ഞാന്‍ ഞെട്ടേണ്ടതാണ്. ഒരു അലമാര നിറയെ ഉണ്ടായിരുന്നവ ഇപ്പോള്‍ കൈയില്‍ ഒതുങ്ങുന്ന എണ്ണത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. പക്ഷെ ഞെട്ടാത്തതിന് കാരണം ഉണ്ട്.

പൊതുവെ കൈയില്‍ ഉള്ളത് മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍, എന്റെ പുസ്തകങ്ങള്‍ ഒഴിച്ച്. എന്നാല്‍ അച്ഛന്‍ ഇതിന് നേരെ വിപരീതവും. മറ്റുള്ളവര്‍ക്ക് എന്തും കൊടുത്ത് സഹായിക്കാനുള്ള അച്ഛന്റെ സ്വഭാവത്തിന് പുസ്തകങ്ങളുടെ കാര്യത്തിലും മാറ്റമില്ലായിരുന്നു. അതിന്റെ ഫലമാണ് ഈ നാലുംമൂന്നേഴിലേക്കുള്ള എണ്ണത്തിലെ ചുരുക്കം.

ഇതിനെ കുറിച്ച് ചോദിച്ചാല്‍ അച്ഛന്‍ പറഞ്ഞിരുന്ന ഒരു ഡയലോഗ് ഉണ്ട്. 'മറ്റെന്ത് വസ്തുക്കള്‍ കൊടുത്താലും ഉപയോഗിച്ചാലും അതിന്റെ അളവ് കുറയും പക്ഷെ പുസ്തകങ്ങള്‍ ഉപയോഗിക്കുന്തോറും അതിലെ വാക്കുകള്‍ കുറയില്ലല്ലോ. മറിച്ച് വായിക്കുന്ന ആളുടെ അറിവ് കൂടുകയല്ലേ ഉള്ളൂ.''

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona