ഗായത്രി അരുണ്‍ എന്ന പേര് ഒരുപക്ഷെ അവര് തന്നെ മറന്നുവോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അതെ ഇപ്പോള്‍ വീട്ടില്‍ പോലും പലരും തന്നെ ദീപ്‍തിയെന്നാണ് വിളിക്കാറെന്നാണ് ഗായത്രി പറയുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണണം ചെയ്‍ത പരസ്‍പരം എന്ന സീരിയലും അതിലെ കഥാപാത്രങ്ങളും അത്രത്തോളമാണ് പ്രേക്ഷകരെ സ്വാധീനിച്ചത്.

അടുത്തിടെയാണ്, തന്‍റെ കഥാപാത്രമായിരുന്ന ദീപ്‍തി ഐപിഎസിന്‍റെ പേരില്‍ ചാരിറ്റി വരെ നടത്തുന്നവര്‍ ഇപ്പോഴുമുണ്ടെന്ന് ഗായത്രി സാമൂഹ്യമാധ്യമത്തില്‍ പറഞ്ഞത്. സീരിയല്‍ അവസാനിച്ച് ആറ് വര്‍ഷം കഴിയുമ്പോഴും ദീപ്‍തി ഐപിഎസും പരസ്‍പരവും പ്രേക്ഷകരില്‍ നിന്ന് മാഞ്ഞുപോയിട്ടില്ലെന്ന് ചുരുക്കം.

അടുത്തിടെ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയ ഗായത്രിയും മകളും രസകരമായ വിശേഷങ്ങളാണ് പങ്കുവച്ചത്. യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു ഐപിഎസുകാരിയാകണമെന്ന് തോന്നുന്നുണ്ടോ എന്ന ആനിയുടെ ചോദ്യത്തിന് ഇപ്പോള്‍ അങ്ങനെ ഒരു ആഗ്രഹം മനസിലുണ്ടെന്നായിരുന്നു ഗായത്രിയുടെ മറുപടി. അമ്മ പൊലീസായ സ്ഥിതിക്ക് തനിക്ക് പട്ടാളമാകണമെന്നായിരുന്നു മകള്‍ കല്യാണിയുടെ വാക്കുകള്‍.

ഉടനെ പൊലീസ് ക്യാരക്ടര്‍ ചെയ്യേണ്ടെന്നാണ് എല്ലാവരും നല്‍കുന്ന ഉപദേശം. അതു തന്നെ സ്ഥിരമായി പോകുമെന്ന ഭയമാണ്. ഞാനും ഉടനെ ചെയ്യില്ലെന്നാണ് കരുതുന്നതെന്നും ഗായത്രി പറയുന്നു.

ഭര്‍ത്താവിന്‍റെ പേര് അരുണ്‍ എന്നാണെന്നും അദ്ദേഹം ഒരു വ്യവസായിയാണെന്നും  അദ്ദേഹത്തിന്‍റെ പിന്തുണ വളരെ വലുതാണെന്നും ഗായത്രി പറഞ്ഞു.