ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റു. 

മുംബൈ: ബോളിവുഡ് നടനും ശിവസേന നേതാവുമായ ഗോവിന്ദയ്ക്ക് കഴിഞ്ഞ ദിവസമാണ് സ്വന്തം റിവോള്‍വറില്‍ നിന്നും അബദ്ധത്തിൽ കാലിൽ വെടിയേറ്റത്. തുടര്‍ന്ന് ചൊവ്വാഴ്ച മുംബൈയിലെ ജുഹുവിലെ ക്രിറ്റി കെയർ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് നടന്‍ വിധേയനായി. മുൻ എംപികൂടിയായ നടന്‍ ഇപ്പോൾ അപകടനില തരണം ചെയ്തു സുഖം പ്രാപിച്ചുവരികയാണ് എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ശിവസേന നേതാവ് കൃഷ്ണ ഹെഗ്‌ഡെ മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശത്തില്‍ തന്‍റെ സുഖ വിവരം അന്വേഷിച്ച് ആരാധകര്‍ക്കും അടുത്തവര്‍ക്കും നന്ദി പറഞ്ഞു ഗോവിന്ദ . “നമസ്തേ, പ്രണം. ഞാൻ ഗോവിന്ദ. നിങ്ങളുടെ അനുഗ്രഹവും, എന്‍റെ മാതാപിതാക്കളുടെ അനുഗ്രഹവും, എന്‍റെ ഗുരുവിൻ്റെ കൃപയും കാരണം, വെടിയേറ്റിട്ടും വലിയ ആപത്തുകള്‍ ഒന്നും സംഭവിച്ചില്ല, ബുള്ളറ്റ് നീക്കം ചെയ്തു. ഇവിടെയുള്ള ഡോക്ടർമാരോട്, പ്രത്യേകിച്ച് ഡോ. ഗർവാളിനോട് ഞാൻ നന്ദി പറയുന്നു. നിങ്ങളുടെ പ്രാർത്ഥനയ്ക്കും പിന്തുണയ്ക്കും എല്ലാവർക്കും നന്ദി ” എന്നാണ് സന്ദേശത്തില്‍ പറയുന്നത്. 

ചൊവ്വാഴ്ച കൊൽക്കത്തയിലേക്ക് തിരിക്കാൻ തയാറെടുക്കുന്നതിനിടെ മുംബൈയിലെ വീട്ടിൽവച്ച് ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആണ് ഗോവിന്ദയ്ക്ക് വെടിയേറ്റത്. അലമാരയില്‍ നിന്നും റിവോൾവർ എടുക്കുന്നതിനിടെ അബദ്ധത്തിൽ താഴെവീണ് കാലിന് വെടിയേൽക്കുകയായിരുന്നു. 

ലൈസൻസുള്ള തോക്കാണിതെന്നും സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് പറഞ്ഞു. അദ്ദേഹം അപകടനില തരണം ചെയ്തതായാണ് ആശുപത്രിയുടെ വിശദീകരണം. പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും പോകേണ്ടതായിരുന്നു. മുന്‍ എംപിയും മഹാരാഷ്ട്രയിലെ ശിവസേനാ നേതാവുമായ ഗോവിന്ദ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി ശിവസേന ഷിൻഡെ വിഭാഗത്തിൽ ചേർന്നിരുന്നു. 

ഒരു കാലത്ത് ബോളിവുഡില്‍ ഏറെ തിരക്കുണ്ടായിരുന്ന ഗോവിന്ദ ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2019 ല്‍ പുറത്തെത്തിയ രംഗീല രാജയാണ് പുറത്തെത്തിയ അവസാന ചിത്രം. എന്നാല്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ അവതാരകനായും വിധികര്‍ത്താവായും ഗോവിന്ദ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. 

'ആന തര്‍ക്കം തീര്‍ന്നു': മായാവതിയുടെ പാര്‍ട്ടിയുടെ പരാതി തള്ളി, വിജയ്‍ക്ക് ആശ്വാസം !

മമ്മൂട്ടിക്കൊപ്പമുള്ള ചിത്രത്തിന് 'സലിം കുമാറിന്റെ മകൻ മരപ്പാഴ്': അധിക്ഷേപം; കിടിലന്‍ മറുപടി നല്‍കി ചന്തു