ജോഷി ചിത്രത്തിലൂടെ ആദ്യമായി അച്ഛനൊപ്പം അഭിനയിക്കുകയാണ് ഗോകുല്‍ സുരേഷ്

സുരേഷ് ഗോപിയുടെ (Suresh Gopi) മകനും നടനുമായ ഗോകുല്‍ സുരേഷിനെ (Gokul Suresh) പരിചയപ്പെട്ട അനുഭവം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ഹരീഷ് പേരടി (Hareesh Peradi). താരസംഘടന 'അമ്മ'യുടെ ഞായറാഴ്ച നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ് ഹരീഷ് പേരടി ഗോകുലിനെ പരിചയപ്പെട്ടത്. ഗോകുലിനൊപ്പമുള്ള ഒരു ചിത്രം മാത്രമാണ് തന്‍റെ ഫോണില്‍ പകര്‍ത്തിയതെന്ന് ഹരീഷ് പറയുന്നു.

ഗോകുല്‍ സുരേഷിനെക്കുറിച്ച് ഹരീഷ് പേരടി

ഗോകുൽ സുരേഷ് ഗോപി. അമ്മയുടെ മീറ്റിംഗിൽ പങ്കെടുത്തപ്പോൾ ഞാൻ അങ്ങോട്ട് ആവശ്യപ്പെട്ട് എടുത്ത ഫോട്ടോയാണിത്. ഇങ്ങനെ ഒരു ഫോട്ടോ മാത്രമേ ഞാൻ എന്‍റെ ഫോണിൽ പകർത്തിയിട്ടുള്ളൂ. പരിചയപ്പെട്ടപ്പോൾ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കിൽ പറഞ്ഞാൽ ശാന്തം, സുന്ദരം. അച്ഛന്‍റെ രാഷ്ട്രീയത്തെ ഞാൻ വിമർശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ ഉണ്ടെന്ന് പറഞ്ഞ് നിഷ്‍കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി. മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേൽപ്പിക്കാതെ പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തു വളർത്തിയ സുരേഷേട്ടനും എന്‍റെ വലിയ സല്യൂട്ട്.

പ്രിയദര്‍ശന്‍റെ 'മരക്കാറി'ല്‍ ഹരീഷ് പേരടി അവതരിപ്പിച്ച കഥാപാത്രം പ്രേക്ഷകപ്രീതി നേടിയിരുന്നു. 'മങ്ങാട്ടച്ഛനാ'യാണ് അദ്ദേഹം മോഹന്‍ലാലിനൊപ്പം സ്ക്രീനിലെത്തിയത്. മമ്മൂട്ടിയുടെ അമല്‍ നീരദ് ചിത്രം ഭീഷ്‍മ പര്‍വ്വമാണ് ഹരീഷിന്‍റെ വരാനിരിക്കുന്ന ഒരു ശ്രദ്ധേയ ചിത്രം. അതേസമയം അച്ഛനൊപ്പം ആദ്യമായി അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് ഗോകുല്‍ സുരേഷ്. ജോഷി സംവിധാനം ചെയ്യുന്ന 'പാപ്പനി'ലാണ് ഗോകുല്‍ സുരേഷ് ഗോപിക്കൊപ്പം എത്തുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്‍റെ നിര്‍മ്മാണം ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആണ്. നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.