ബിഗ് ബോസ് ഒന്നാം സീസണ്‍ റണ്ണറപ്പാകുന്നതിനു മുന്നേതന്നെ മലയാളികളുടെ പ്രിയപ്പെട്ട ചുരുളന്‍ മുടിക്കാരിയാണ് പേളി. അവതാരികയായും നല്ല ഭാര്യയായും മലയാളിക്കുമുന്നില്‍ ഇപ്പോഴും പേളി നിറഞ്ഞുനില്‍ക്കുന്നു. പേളി ജാടയാണെന്നു പറഞ്ഞവര്‍വരെ ബിഗ്‌ബോസ്സിലെ പേളിയെക്കണ്ട് ആരാധകരായിട്ടുണ്ട് എന്നതാണ് സത്യം. തന്റെ വിവാഹദിനത്തിലെ ചില ഫോട്ടോകളോടൊപ്പം താരം  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്ന അച്ഛനെക്കുറിച്ചുള്ള കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അച്ഛനാണെന്റെ ഹീറോ, ഞാനെപ്പോഴും അച്ഛന്റെ കുട്ടിതന്നെയാണ് എന്നതാണ് കുറിപ്പ്. തന്റെ പാതിയായ ശ്രീനിഷിനെ മറ്റൊരു ഹീറോ എന്നും അഭിസംബോധന ചെയ്യാനും പേളി മറന്നില്ല.

'' ഞാനെപ്പോഴും അച്ഛന്‍കുട്ടിയാണ്, അതുകൊണ്ടുതന്നെ എനിക്കറിയാം എന്റെ വിവാഹദിവസത്തില്‍ അച്ഛന്‍ വളരെ സന്തോഷവാനായിരുന്നു. എല്ലായിപ്പോഴും ഞാന്‍ വിശ്രമിക്കാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് എന്റെ അച്ഛന്റെ തോളുകളിലാണ്. ഞാന്‍ ഇടനാഴിയിലൂടെ നടക്കുമ്പോള്‍ എന്റെ കണ്ണില്‍നിന്നും കണ്ണീര്‍ പൊഴിയുന്നുണ്ടായിരുന്നു. ഒരുതരം ആനന്ദക്കണ്ണീര്‍. കരണം ഞാന്‍ ഒരു ഹീറോയില്‍നിന്നും മറ്റൊരു ഹീറോയിലേക്കുള്ള നടപ്പാതയിലായിരുന്നു. എന്റെ ജീവിതം മാറ്റിമറിച്ച രണ്ട് ഹീറോകള്‍. രണ്ടുപേരും എന്നിലെ നന്മകള്‍ എല്ലായ്‌പ്പോഴും പുറത്തുകൊണ്ടുവന്നിട്ടുള്ളവരാണ്.''

ഏഷ്യാനെറ്റിലെ ബിഗ്‌ബോസ് ഒന്നാം സീസണിനുശേഷം മലയാത്തില്‍ നിന്നും ചെറിയൊരു ഇടവേള എടുത്തിരിക്കുന്ന പേളി, നിലവില്‍ അഭിഷേക് ബച്ചന്‍, ആദിത്യാകപൂര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായെത്തി അനുരാഗ് ബസു സംവിധാനം നിര്‍വ്വഹിക്കുന്ന ബോളിവുഡ് പടത്തില്‍ തന്റെ അരങ്ങേറ്റം കുറിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹൂ എന്ന ചിത്രമാണ് പേളി അവസാനമായി മലയാളത്തില്‍ ചെയ്തിട്ടുള്ളത്.