ബോളിവുഡില്‍ മുന്‍നിര നായികയായി ഒരുകാലത്ത് തിളങ്ങിനിന്ന താരമാണ് ഹേമ മാലിനി. ഒരിടവേളയ്ക്ക് ശേഷം നടി തിരിച്ചെത്തുന്ന ചിത്രമാണ് ഷിംല മിര്‍ച്ചി. രാഷ്ട്രീയത്തിലും സിനിമയിലും സജീവമായി മുന്നോട്ട് പോകുന്ന ഹേമ മാലിനിക്ക് ഇപ്പോഴും ആരാധകർ ഏറെയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഒരു ഓര്‍മ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ. 

സിനിമയിൽ വരുന്നതിന് മുമ്പ് ഫോട്ടോഷൂട്ടിന്റെ ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ഫോട്ടോയ്ക്കായി താന്‍ വര്‍ഷങ്ങളോളം തേടി നടന്നെന്നും ഇപ്പോഴാണ് ലഭിച്ചതെന്നും ഹേമ മാലിനി പറയുന്നു. ദേവിയെപ്പോലെ വേഷമണിഞ്ഞ് തലയില്‍ കിരീടവുമായി ഇരിക്കുന്ന ഹേമ മാലിനിയെ ചിത്രത്തില്‍ കാണാം. 

“എന്റെ ഈ ചിത്രത്തിനായി വര്‍ഷങ്ങളോളമാണ് ഞാന്‍ അന്വേഷിച്ച് നടന്നത്. ഒരു തമിഴ് മാഗസീനിന് വേണ്ടിയുള്ള ഫോട്ടോഷൂട്ടാണ് ഇത്. മാഗസീനിന്റെ പേര് ഓര്‍മയില്ല. എന്നാല്‍ എവിഎം സ്റ്റുഡിയോയിലാണ് ഇത് ഷൂട്ട് ചെയ്തതെന്ന് അറിയാം. രാജ് കപൂര്‍ സാബിനൊപ്പം സപ്‌നോന്‍ കാ സൗദാഗറിലൂടെ ഹിന്ദിയില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുന്‍പായിരുന്നു അത്. അന്ന് 14, 15 വയസായിരുന്നു എനിക്ക്. എന്റെ ജീവചരിത്രം ബിയോണ്ട് ദി ഡ്രീംഗേളില്‍ ഇത് ഉള്‍പ്പെടുത്തണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ നിർഭാ​ഗ്യവശാൽ അന്ന് കണ്ടെത്താൻ സാധിച്ചില്ല. ഒടുവിൽ ഇത് കണ്ടെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്“ ഹേമ മാലിനി കുറിച്ചു. 

ചിത്രം പങ്കുവച്ചതിന് പിന്നാലെ താരത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ രം​ഗത്തെത്തി. ചിലർ താരത്തിന്റെ സൗന്ദര്യത്തെ പ്രശംസിച്ചുകൊണ്ടാണ് എത്തിയത്. ദൈവിക സൗന്ദര്യമുള്ള എന്റെ അമ്മ എന്നായിരുന്നു മകള്‍ ഇഷയുടെ കമന്റ്.