Asianet News MalayalamAsianet News Malayalam

ഇന്ത്യയിലെ എക്കാലത്തെയും മികച്ച 10 നടന്മാര്‍ ആരൊക്കെ? ഓണ്‍ലൈന്‍ വോട്ടിംഗ് പുരോഗമിക്കുന്നു

30 പേരുടെ ലിസ്റ്റില്‍ മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബംഗാളി, മറാത്തി സിനിമകളില്‍ നിന്നുമൊക്കെ അഭിനേതാക്കള്‍ ഉണ്ടെങ്കിലും ബോളിവുഡിനാണ് പ്രാതിനിധ്യം കൂടുതല്‍

indias 10 greatest actors of all time online voting
Author
Thiruvananthapuram, First Published Dec 6, 2020, 3:57 PM IST

ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച പത്ത് നടന്മാരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ വോട്ടെടുപ്പ്. പ്രമുഖ വെബ് സര്‍വ്വീസ് ആയ യാഹൂവാണ് അഭിപ്രായം രേഖപ്പെടുത്താന്‍ സിനിമാപ്രേമികളെ ക്ഷണിച്ചിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷാ സിനിമകളില്‍ നിന്ന് യാഹൂ തെരഞ്ഞെടുത്തിരിക്കുന്ന 30 നടന്മാരുടെ ലിസ്റ്റില്‍ നിന്നാണ് പത്ത് പേരെ തെരഞ്ഞെടുക്കാന്‍ അവസരം.

30 പേരുടെ ലിസ്റ്റില്‍ മലയാളമുള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും ബംഗാളി, മറാത്തി സിനിമകളില്‍ നിന്നുമൊക്കെ അഭിനേതാക്കള്‍ ഉണ്ടെങ്കിലും ബോളിവുഡിനാണ് പ്രാതിനിധ്യം കൂടുതല്‍ നല്‍കിയിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ നിന്ന് എട്ട് പേരാണ് ആദ്യ മുപ്പതില്‍ ഇടം നേടിയിരിക്കുന്നത്. മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും മോഹന്‍ലാലും മാത്രമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. കമല്‍ ഹാസന്‍, ശിവാജി ഗണേശന്‍, ഡോ. രാജ്‍കുമാര്‍, എം ജി രാമചന്ദ്രന്‍, രജനീകാന്ത്, എന്‍ ടി രാമറാവു എന്നിവരാണ് ലിസ്റ്റിലെ മറ്റ് തെന്നിന്ത്യന്‍ താരങ്ങള്‍.

അമിതാഭ് ബച്ചന്‍, ദിലീപ് കുമാര്‍, ആമിര്‍ ഖാന്‍, നസീറുദ്ദീന്‍ ഷാ, രാജ് കപൂര്‍, നവാസുദ്ദീന്‍ സിദ്ദിഖി, നാനാ പടേക്കര്‍, ബല്‍രാജ് സാഹ്നി, ഇര്‍ഫാന്‍ ഖാന്‍, സഞ്ജീവ് കുമാര്‍, ഓം പുരി, ഉത്‍പല്‍ ദത്ത്, പ്രാണ്‍, നിലു ഫൂലെ, ഉത്തം കുമാര്‍, ഗുരു ദത്ത്, സൗമിത്ര ചാറ്റര്‍ജി, അശോക് കുമാര്‍, ഷാരൂഖ് ഖാന്‍, ദേവ് ആനന്ദ്, ഹൃത്വിക് റോഷന്‍, അനുപം ഖേര്‍ എന്നിവരാണ് ആദ്യ മുപ്പതില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റു താരങ്ങള്‍. രണ്ടര ലക്ഷത്തിലധികം വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടപ്പോള്‍ എന്‍ടിആറിനാണ് ഏറ്റവുമധികം വോട്ടുകള്‍ ലഭിച്ചിരിക്കുന്നതെന്ന് യാഹൂ അറിയിക്കുന്നു. 22 ശതമാനം വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഡോ. രാജ്‍കുമാറിന് 9 ശതമാനവും അമിതാഭ് ബച്ചനും കമല്‍ ഹാസനും ആറ് ശതമാനം വീതവും വോട്ടുകള്‍ ലഭിച്ചിരിക്കുന്നു. രജനീകാന്തിന് അഞ്ച് ശതമാനവും മോഹന്‍ലാലിനും മമ്മൂട്ടിക്കും നാല് ശതമാനം വീതം വോട്ടുകളുമാണ് നിലവില്‍ ലഭിച്ചിട്ടുള്ളത്. വോട്ടിംഗില്‍ പങ്കെടുക്കാന്‍ സിനിമാപ്രേമികള്‍ക്ക് ഇപ്പോഴും അവസരമുണ്ട്.  

Follow Us:
Download App:
  • android
  • ios