Asianet News MalayalamAsianet News Malayalam

സസ്‌നേഹത്തിലെ ഇന്ദിരാമ്മ പരസ്പരത്തിലെ പത്മാവതി ആയിരുന്നെങ്കിലോ ? ചര്‍ച്ച ചെയ്ത് സോഷ്യല്‍മീഡിയ

ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്റേയും കഥയാണ് സസ്നേഹം പറഞ്ഞുവയ്ക്കുന്നത്. 

indira with parasparam serial character padmavathi
Author
Kerala, First Published Jul 15, 2021, 8:56 PM IST

രമ്പരകളിലൂടെ മലയാളിയുടെ ഹൃദയത്തിലേക്ക് ചേക്കേറിയ താരമാണ് രേഖ രതീഷ്. പരസ്പരം എന്ന ജനപ്രിയ പരമ്പരയിലൂടെ മിനിസ്‌ക്രീനിലെ മികച്ച നായികയ്ക്കുള്ള പുരസ്‌ക്കാരം നിരവധി തവണ രേഖയെ തേടിയെത്തിയിട്ടുണ്ട്. പരസ്പരത്തില്‍ കാര്‍കശ്യക്കാരിയായ അമ്മായിയമ്മയുടെ വേഷമായിരുന്നു രേഖയുടേത്. ഏഷ്യനെറ്റിലെ പുതിയ കുടുംബ പരമ്പരയായ സസ്നേഹത്തിലാണ് രേഖ നിലവില്‍ അഭിനയിക്കുന്നത്. പരസ്പരത്തില്‍ നിന്നും നേര്‍ വിപരീതമായി മക്കളുടെ അവഗണന സഹിച്ച് സ്വന്തം വീട്ടില്‍ അന്യയായി കഴിയുന്ന കഥാപാത്രമാണ് സസ്‌നേഹത്തിലെ ഇന്ദിരാമ്മ.

പരമ്പര തുടങ്ങി രണ്ട് ആഴ്ചയേ ആയുള്ളുവെങ്കിലും ടി.ആര്‍.പി റേറ്റില്‍ പരമ്പര അതിവേഗം മുന്നോട് കുതിക്കുകയാണ്. ജീവിത സായാഹ്നത്തില്‍ രണ്ട് വീടുകളിലായി ഒറ്റപ്പെട്ടുപോകുന്ന ഇന്ദിരയുടേയും ബാലചന്ദ്രന്റേയും കഥയാണ് സസ്നേഹം പറഞ്ഞുവയ്ക്കുന്നത്. അപ്രതീക്ഷിതമായി ഇരുവരും കണ്ടുമുട്ടുന്നതും പ്രായത്തിന്റെ തടസങ്ങളെ മറികടന്ന് ഇരുവരും മുന്നോട്ടുള്ള ജീവിതം സ്വപ്‌നം കാണുന്നതുമാണ് പരമ്പരയുടെ കഥാഗതി.

പരസ്പരത്തില്‍ വീട് അടക്കിഭരിക്കുന്ന അമ്മായിയമ്മയായിരുന്നു രേഖയെങ്കില്‍, ഇവിടെ മക്കളുണ്ടായിട്ടും ഇല്ലാത്തതുപോലെ വീട് വിട്ടിറങ്ങേണ്ടിവരുന്ന അമ്മയാണ് ഇന്ദിര. വീട്ടിലെ എല്ലാവരുടേയും ചീത്ത കേള്‍ക്കുമ്പോളും വീട്ടിലെ വിരുന്നുകാരോട് അമ്മയെ ചൂണ്ടിക്കാണിച്ച് വേലക്കാരിയാണെന്ന് പറയുമ്പോഴും, മാനസികവിഭ്രാന്തിയുള്ള സ്ത്രീയാണെന്ന് പറയുമ്പോഴും എന്തിനാണ് മൗനം പാലിക്കുന്നതെന്നാണ് ഇന്ദിരാമ്മയോട് ആരാധകര്‍ ചോദിക്കുന്നത്.

ഇന്ദിരാമ്മ ഇത്ര പാവമാകുന്നത് ശരിയല്ലെന്നും, ആ പഴയ പത്മാവതിയെ തിരിച്ച് ആവാഹിച്ചെടുത്ത് മക്കളോട് ഫൈറ്റ് ചെയ്യാനുമാണ് ഇന്ദിരയോട് സോഷ്യല്‍മീഡിയ പറയുന്നത്. ഇന്ദിരാമ്മയാകാതെ പത്തിലൊന്ന് പത്മാവതിയാകു, പ്രശ്‌നങ്ങളെല്ലാം പമ്പ കടക്കുവെന്നും ആരാധകര്‍ പറയുന്നുണ്ട്. കഴിഞ്ഞദിവസം ഏഷ്യാനെറ്റിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ താരം ലൈവിലെത്തിയപ്പോഴും ആരാധകര്‍ ഇന്ദിര-പത്മാവതി താരതമ്യം ചെയ്തിരുന്നു. നിങ്ങള്‍ പറയുന്നതുപോലെ ഇന്ദിര പത്മാവതിയെപോലെ ആയിരുന്നെങ്കിലെന്ന് താനും ആശിക്കാറുണ്ടെന്നാണ് അന്ന് രേഖ പറഞ്ഞത്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios