മല്ലിക സുകുമാരനെക്കുറിച്ചും സുകുമാരനെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഇടയ്ക്കിടെ ആരാധകരുമായി പങ്കുവയ്ക്കുന്നവരാണ് ഇന്ദ്രജിത്തും പൂര്‍ണിമയും. ഇരുവരുടെയും പഴകാല വിശേഷങ്ങളാണ് മിക്കപ്പോഴും പൂർണിമയും ഇന്ദ്രജിത്തും പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ, മല്ലിക സുകുമാരന്റെയും സുകുമാരന്റെയും ഒരു പഴയചിത്രം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണീ താരദമ്പതികൾ.

അച്ഛനും അമ്മയും പ്രണയിച്ചിരുന്ന കാലത്തെ ഒരു അപൂര്‍വചിത്രമാണിതെന്ന് ഇരുവരും പറയുന്നു. ഫേസബുക്കിലൂടെയാണ് താരങ്ങൾ ചിത്രം പങ്കുവച്ചിരിക്കുന്നത്. ''ഈ ചിത്രത്തില്‍ എല്ലാമുണ്ട്... അമ്മ എന്തൊരു സുന്ദരിയാണ്'', എന്ന അടിക്കുറിപ്പോടെയായിരുന്നു പൂര്‍ണിമ ചിത്രം പങ്കുവച്ചത്. എന്നാൽ, ഇതേ ചിത്രം ''പണ്ടു പണ്ടൊരു പ്രണയകാലത്ത്'' എന്ന അടിക്കുറിപ്പോടെയാണ് ഇന്ദ്രജിത്ത് പങ്കുവച്ചത്.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 1978 ഒക്ടോബര്‍ 17നാണ് മല്ലികയും സുകുമാരനും വിവാഹിതരാകുന്നത്. വിവാഹത്തോടെ മല്ലിക വെള്ളിത്തിരയോടു വിടപറഞ്ഞു. പിന്നീട് സുകുമാരന്റെ മരണത്തിനു ശേഷമാണ് സിനിമയില്‍ തിരിച്ചെത്തിയത്. ഇന്ന് വെള്ളിത്തിരയിലും മിനിസ്ക്രീനിലും മല്ലിക സജീവമാണ്.