വാനമ്പാടിയിലെ മോഹന്‍കുമാര്‍ പ്രേക്ഷകരുടെ പ്രിയ കഥാപാത്രമാണ്. നിറം എന്ന സൂപ്പര്‍ഹിറ്റ് മലയാളം സിനിമയുടെ റീമേക്കായ നുവ്വ കവാലി എന്ന തെലുങ്ക് സിനിമയിലൂടെ, അഭിനയരംഗത്തെത്തിയ സായി കിരണ്‍ റാം ഇന്ന് മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍കുമാറാണ്. മോഹന്‍ലാലിന്റെ ആരാധകനായ താരം, മലയാളിയെ വെല്ലുന്ന രീതിയില്‍ മലയാളം പറയുന്നതും മലയാളി പ്രേക്ഷകരെ ഞെട്ടിച്ചതാണ്. തെലുങ്കില്‍ കുയിലമ്മ എന്ന പേരിലുള്ള വാനമ്പാടിയിലെ സ്റ്റാര്‍ സിംഗര്‍ മനോജ്കുമാര്‍ മലയാളത്തിലെത്തിപ്പോഴാണ് മോഹന്‍കുമാര്‍ ആകുന്നത്. തെലുങ്കില്‍ റേറ്റിംഗില്‍ ഒന്നാമതായ പരമ്പര, മലയാളത്തിലെത്തിയപ്പോഴും ഒന്നാമതുതന്നെയാണ്.

മലയാളത്തില്‍ പരമ്പര തുടങ്ങിയിട്ട് അധികം ആയില്ലെങ്കിലും, തെലുങ്കിലെ കുയിലമ്മയില്‍ അനുമോളുടേയും തംബുരുവിന്റെയും വിവാഹമൊക്കെ കഴിഞ്ഞതാണ്. തെലുങ്കില്‍ അനുമോളുടെ വേഷം കൈകാര്യം ചെയ്യുന്ന താരമായ തേജസ്വിനിയോടൊത്തുള്ള വീഡിയോകോള്‍ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സായികിരണ്‍ തന്നെയാണ് തേജസ്വിനിയൊത്തുള്ള വീഡിയോകോളിന്റെ ചിത്രങ്ങള്‍ കഴിഞ്ഞദിവസം പങ്കുവെച്ചത്.

''എന്റെ മകള്‍ തേജുവിനെ നോക്കു. മേക്കപ്പില്ലാതെയും അവളെത്ര സുന്ദരിയാണ്. എന്റെ ക്യൂട്ട് മോള്‍ ഇപ്പോള്‍ ചെന്നൈയിലാണ് ഞാനിപ്പോള്‍ തിരുവനന്തപുരത്തും. രണ്ടിടത്തുള്ള ഞങ്ങളിന്നലെ ഒന്നിച്ചിരുന്നപ്പോള്‍'' എന്നു പറഞ്ഞാണ് താരം തേജസ്വിനി ഗൗഡയുമായുള്ള വീഡിയോകോള്‍ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചിരിക്കുന്നത്. ഒരുപാട് പേരാണ് തേജസ്വിനിക്കും സായികിരണിനും അന്വേഷണങ്ങളും ആശംസകളുമായെത്തിയിരിക്കുന്നത്. ഞങ്ങളുടെ അനുമോള്‍ ഇത്ര വലുതായോ, ഞങ്ങളുടെ അനുമോളെ കാണിച്ചുതന്നതിന് നന്ദിസാര്‍ എന്നെല്ലാം പറഞ്ഞ് കമന്റ്‌ബോക്‌സ് നിറച്ചിരിക്കുകയാണ് ആരാധകര്‍.