ആദ്യമായി പേര് പുറത്തുവന്നപ്പോഴുള്ളതിനേക്കാള്‍ കൗതുകമുള്ളതായിരുന്നു 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ചട്ടയും മുണ്ടുമടക്കം മാര്‍ഗ്ഗംകളിയുടെ വേഷപ്പകര്‍ച്ചയില്‍ ചുവടുവയ്ക്കുന്ന മോഹന്‍ലാല്‍ ആയിരുന്നു പോസ്റ്ററില്‍. മോഹന്‍ലാല്‍ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്ത ലുക്കിന് 87,000ന് മുകളില്‍ ലൈക്കുകളാണ് ലഭിച്ചത്. പിന്നാലെ ഇട്ടിമാണി ലൊക്കേഷനില്‍ നിന്ന്, മാര്‍ഗ്ഗംകളി വേഷത്തിലുള്ള മോഹന്‍ലാലിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

പ്രസന്ന മാസ്റ്ററാണ് ഇട്ടിമാണിയില്‍ മോഹന്‍ലാലിനെ മാര്‍ഗ്ഗംകളി അഭ്യസിപ്പിക്കുന്നത്. മോഹന്‍ലാലിനൊപ്പം മാര്‍ഗ്ഗംകളി വേഷത്തില്‍ ജോണി ആന്റണി, അരിസ്‌റ്റോ സുരേഷ്, സലിംകുമാര്‍ എന്നിവരും പുറത്തെത്തിയ ചില ലൊക്കേഷന്‍ ചിത്രങ്ങളിലുണ്ട്. 

ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത് ഇരട്ട സംവിധായികരായ ജിബി ജോജുവാണ്. തിരക്കഥയും സംവിധായകരുടേത് തന്നെയാണ്. തൃശൂരാണ് കഥ നടക്കുന്ന പശ്ചാത്തലം. 32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന സിനിമയുമാണ് 'ഇട്ടിമാണി'. പത്മരാജന്റെ തൂവാനത്തുമ്പികളിലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശൂര്‍ ഭാഷ സംസാരിച്ചത്. ഇട്ടിമാണിയില്‍ മോഹന്‍ലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനുമോഹന്‍, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജിയാണ് ഛായാഗ്രഹണം.