ട്രെയിലറില്‍ ഇയലിനെ നെഞ്ചോട് ചേര്‍ത്ത് ചാരു കസേരയില്‍ ഇരിക്കുന്ന വിജയിയുടെ ഷോട്ട് ഏറെ വൈറലാകുകയും ചെയ്തു.

ചെന്നൈ: തമിഴ് സിനിമ ലോകം വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി വിജയ് നായകനാകുന്ന ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 19ന് തീയറ്ററില്‍ എത്തുകയാണ്. വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിന്‍റെ തിരക്കിട്ട പ്രമോഷനിലാണ് അണിയറക്കാര്‍. ഒക്ടോബര്‍ 5ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ ട്രെയിലര്‍ ഇതിനകം വൈറലായിട്ടുണ്ട്. ഒരു തമിഴ് സിനിമ ട്രെയിലര്‍ വ്യൂവില്‍ ഉണ്ടാക്കിയ എല്ലാ റെക്കോഡുകളും ദളപതിയുടെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ മറികടന്നിട്ടുണ്ട്. 

ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി അഭിമുഖങ്ങള്‍ നല്‍കുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ഇത്തരത്തില്‍ ബിഹെന്‍റ് വുഡ്സിന് നല്‍കിയ അഭിമുഖത്തില്‍ ലോകേഷിനൊപ്പം ഒരു കുഞ്ഞ് അതിഥി കൂടി എത്തി. മറ്റാരുമല്ല ലിയോ ചിത്രത്തില്‍ അഭിനയിച്ച ഇയല്‍ ആയിരുന്നു ആ അതിഥി. ചിത്രത്തില്‍ വിജയിയുടെ മകളായാണ് ഇയല്‍ അഭിനയിക്കുന്നത്.

ട്രെയിലറില്‍ ഇയലിനെ നെഞ്ചോട് ചേര്‍ത്ത് ചാരു കസേരയില്‍ ഇരിക്കുന്ന വിജയിയുടെ ഷോട്ട് ഏറെ വൈറലാകുകയും ചെയ്തു. അഭിമുഖത്തിന് എത്തിയ ഇയലിനോട് ദളപതി വിജയിയെ എന്താണ് സെറ്റില്‍ വിളിക്കാറ് എന്നാണ് അവതാരക ചോദിച്ചത്. വിജയ് എന്നാണ് വിളിക്കാറ് എന്ന് ഇയല്‍ മറുപടി നല്‍കി. അങ്ങനെ തന്നെ വിളിക്കാന്‍ വിജയ് നിര്‍ദേശിച്ചിരുന്നു എന്നാണ ഇയല്‍ മറുപടി പറഞ്ഞത്.

സെറ്റില്‍ ദളപതിയെ പേരുവിളിച്ചിരുന്ന ഒരേ ഒരാള്‍ ഇയല്‍ ആയിരുന്നുവെന്ന് സംവിധായകന്‍ ലോകേഷും പറഞ്ഞു. വിജയ്ക്കൊപ്പമുള്ള ഷൂട്ടിംഗ് വളരെ രസകരമായിരുന്നുവെന്നും ഇയല്‍ പറഞ്ഞു. ഇയലും വിജയിയും പ്രധാനമായും പ്രത്യക്ഷപ്പെടുന്ന ഒരു ഗാനം അടുത്ത് തന്നെ പുറത്തിറങ്ങും എന്നാണ് വിവരം. 

അതേ സമയം 300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം ചിത്രം ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റൽ, വീഡിയോ അവകാശങ്ങൾ ഉൾപ്പടെ ഉള്ളവയിലൂടെ നേടിയത് 487 കോടിയാണെന്ന് ട്രാക്കറായ എ.ബി ജോർജ് ട്വീറ്റ് ചെയ്യുന്നു.