ക്ലീൻ ഷേവ് ചെയ്ത് തലയിൽ തൊപ്പി വച്ച് നടൻമാരായ ജയംരവി, കാര്‍ത്തി എന്നിവർക്കൊപ്പം നിൽക്കുന്ന ജയറാമിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്. 

ചെന്നൈ: സിനിമയ്ക്ക് വേണ്ടി ഏത് വേഷപ്പകർച്ചയും സ്വീകരിക്കാൻ തയ്യാറാകുന്ന നടനാണ് ജയറാം. തെന്നിന്ത്യൻ സിനിമാപ്രേമികളുടെ ഏക്കാലത്തെയും ഇഷ്ടതാരമായ ജയറാം ഈയടുത്തായി നിരവധി തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. അല്ലു അർജുൻ നായകനാകുന്ന 'അലോ വൈകുണ്ഠപുരമുലോ' എന്ന തെലുങ്കു ചിത്രത്തിലാണ് ജയറാം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറച്ച് ഫിറ്റ് ബോഡിയുമായെത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. 'കുചേലൻ' എന്ന ചിത്രത്തിന് വേണ്ടി തലമൊട്ടയടിച്ച് ക്ലീൻ ഷേവ് ചെയ്തെത്തിയതും പ്രേക്ഷകരെ അതിശയിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വ്യത്യസ്ത ​ഗേറ്റപ്പിലെത്തിയിരിക്കുകയാണ് താരം. 

മണിരത്‌നം സംവിധാനം ചെയ്യുന്ന 'പൊന്നിയിന്‍ സെല്‍വന്‍' എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലാണ് ജയറാം ലൊക്കേഷനില്‍ എത്തിയത്. ചിത്രത്തില്‍ ക്ലീന്‍ ഷേവ് ചെയ്താണ് ജയറാം അഭിനയിക്കുന്നത്. ക്ലീൻ ഷേവ് ചെയ്ത് തലയിൽ തൊപ്പി വച്ച് നടൻമാരായ ജയംരവി, കാര്‍ത്തി എന്നിവർക്കൊപ്പം നിൽക്കുന്ന ജയറാമിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

View post on Instagram

ആദ്യമായാണ് മണിരത്‌നം ചിത്രത്തില്‍ ജയറാം വേഷമിടുന്നത്. ഐശ്വര്യ ലക്ഷ്മി, വിക്രം, ഐശ്വര്യറായ് ബച്ചന്‍, വിക്രം പ്രഭു, തൃഷ, ഐശ്വര്യ രാജേഷ്, അശ്വന്‍ കാകുമാനു, ശരത് കുമാര്‍, പ്രഭു, കിഷോര്‍ എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വിജയ് സേതുപതിയും ചിത്രത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.

മണിരത്നവും കുമാരവേലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ജയമോഹനാണ് സംഭാഷണം. എ ആര്‍ റഹ്മാന്‍ ണ് സംഗീതം, ഛായാഗ്രഹണം- രവി വര്‍മന്‍, വസ്ത്രാലങ്കാരം- ഏക്ത ലഖാനി, നൃത്തസംവിധാനം- ബൃന്ദ മാസ്റ്റര്‍, കലാസംവിധാനം- തോട്ടാ ധരണി, വസീം ഖാന്‍, എഡിറ്റിങ്- ശ്രീകര്‍ പ്രസാദ്, സംഘട്ടനം-ശ്യാം കൗശല്‍, പിആര്‍ഒ- ജോണ്‍സണ്‍.

Read More: കുചേലനായി പകർ‌ന്നാടി ജയറാം; പുത്തന്‍ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ പൊന്നിയിന്‍ സെല്‍വന്‍ എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ചിത്രം ഒരുക്കുന്നത്. മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് ഈ കൃതി. 2012ല്‍ ചിത്രത്തിന്റെ പണി മണിരത്നം തുടങ്ങിവച്ചതായിരുന്നു. എന്നാല്‍ സാമ്പത്തിക പ്രശ്നങ്ങള്‍ കാരണം പദ്ധതി നീണ്ടുപോകുകയായിരുന്നു. മണിരത്നത്തിന്റെ സ്വപ്നപദ്ധതിയാണ് ഈ ചിത്രം.