വൈറല്‍ ആയി ജയസൂര്യയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

വ്യക്തിപരമായ വിശേഷങ്ങളൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള താരമാണ് ജയസൂര്യ (Jayasurya). ഇപ്പോഴിതാ തന്‍റെ മനസിനെ സ്‍പര്‍ശിച്ച ഒരനുഭവം ചിത്രങ്ങളിലൂടെ പങ്കുവച്ചിരിക്കുകയാണ് ജയസൂര്യ. വാഗമണ്ണിലെ ഒരു ചെറിയ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറിയ അനുഭവമാണ് ജയസൂര്യ പങ്കുവച്ചത്. വീട്ടിലെ കുട്ടിക്ക് സ്‍കൂളില്‍ കൊണ്ടുപോകാനായി തയ്യാറാക്കിയ വിഭവം തനിക്കുകൂടി പകുത്തുനല്‍കിയ അമ്മയെക്കുറിച്ചാണ് ജയസൂര്യ പറയുന്നത്.

"ഇത് ഇവിടത്തെ കൊച്ചിന് സ്‍കൂളില്‍ കൊണ്ടുപോകാൻ ഉണ്ടാക്കിയതാ… കൊറച്ച് മോനും കഴിച്ചോ...", ഈ സംഭാഷണത്തിനൊപ്പം തനിക്ക് ആഹാരം വിളമ്പിയ ആളുടെയും ഹോട്ടലിന്‍റെയും ചിത്രങ്ങളും ജയസൂര്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‍തിട്ടുണ്ട്. മൂന്ന് മണിക്കൂര്‍ കൊണ്ട് ഒരു ലക്ഷത്തിലധികം ലൈക്കുകളും എഴുനൂറിലേറെ കമന്‍റുകളുമാണ് ജയസൂര്യയുടെ പോസ്റ്റിന് ലഭിച്ചത്.

View post on Instagram

അതേസമയം കരിയറിലും സന്തോഷകരമായ ഘട്ടത്തിലൂടെയാണ് ജയസൂര്യ കടന്നുപോകുന്നത്. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തില്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത് ജയസൂര്യയായിരുന്നു. പ്രജേഷ് സെന്‍ ചിത്രം വെള്ളത്തിലെ മദ്യപനായ നായക കഥാപാത്രമാണ് ജയസൂര്യയ്ക്ക് പുരസ്‍കാരം നേടിക്കൊടുത്തത്. ഒടിടി റിലീസ് ആയി അവസാനമെത്തിയ ചിത്രം സണ്ണി ഇത്തവണത്തെ ഇന്ത്യന്‍ പനോരമയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നാദിര്‍ഷയുടെ ഈശോ, പ്രജേഷ് സെന്നിന്‍റെ മേരി ആവാസ് സുനോ, ആട് 3, കത്തനാര്‍, രാമ സേതു, ജോണ്‍ ലൂഥര്‍ തുടങ്ങി ശ്രദ്ധേയ ലൈനപ്പ് ആണ് ജയസൂര്യയുടേത്.