Asianet News MalayalamAsianet News Malayalam

'ആ ഒരേയൊരു സന്ദര്‍ഭത്തിലെ ജോര്‍ജ്ജുകുട്ടിയുടെ റിയാക്ഷന്‍ എനിക്കറിയില്ലായിരുന്നു'; ജീത്തു ജോസഫ് പറയുന്നു

'ആ ഷോട്ട് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം..'

jeethu joseph about performance of mohanlal in a particular scene in drishyam movie
Author
Thiruvananthapuram, First Published Aug 15, 2020, 12:51 PM IST

ജീത്തു ജോസഫ് എന്ന സംവിധായകന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്നു ദൃശ്യം. ഇപ്പോഴിതാ ഏഴ് വര്‍ഷത്തിനു ശേഷം ചിത്രത്തിന്‍റെ രണ്ടാംഭാഗവും പണിപ്പുരയിലാണ്. ദൃശ്യം ഇറങ്ങിയതിനുശേഷം ഇന്നുവരെ നല്‍കിയിട്ടുള്ള അഭിമുഖങ്ങളില്‍ ജീത്തു ജോസഫ് ഏറ്റവുമധികം നേരിട്ടിട്ടുള്ളതും ദൃശ്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗത്തില്‍ മോഹന്‍ലാല്‍ നല്‍കിയ പ്രകടനത്തെക്കുറിച്ച് പറയുകയാണ് ജീത്തു. ദൃശ്യത്തിലെ എല്ലാ രംഗങ്ങളിലെയും കഥാപാത്രങ്ങളുടെ പ്രതികരണങ്ങള്‍ എന്തൊക്കെയെന്ന് തനിക്കറിയാമായിരുന്നെങ്കിലും ഒരേയൊരു രംഗത്തിലേത് മാത്രം ഇന്നത് വേണമെന്ന് തനിക്കറിയില്ലായിരുന്നുവെന്ന് പറയുന്നു സംവിധായകന്‍. കോളെജ് വിദ്യാര്‍ഥികള്‍ക്കായി കേരള സര്‍ക്കാര്‍ നടപ്പാക്കുന്ന നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഒരുക്കിയ അഭിമുഖസംഭാഷണത്തിലാണ് ജീത്തു ഇക്കാര്യം പറയുന്നത്. 

ജീത്തു ജോസഫ് പറയുന്നു

"ജോര്‍ജ്ജൂട്ടിയെ കാണാന്‍ വീട്ടില്‍ പൊലീസുകാര്‍ വന്ന് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് ആ ഷോട്ട്. ദൃശ്യത്തിലെ എല്ലാ റിയാക്ഷന്‍സിനെക്കുറിച്ചും എനിക്ക് വ്യക്തമായ ധാരണയുണ്ട്. പക്ഷേ ഒരു റിയാക്ഷനെക്കുറിച്ചു മാത്രം എനിക്ക് അറിയുമായിരുന്നില്ല, അവിടെ എന്താണ് വേണ്ടതെന്ന്.. എനിക്ക് ലാലേട്ടനോട് പറഞ്ഞുകൊടുക്കാനും അറിയില്ല എന്താണ് റിയാക്ഷനെന്ന്. സംഭവം ഇതാണ്, പൊലീസുകാരുടെ ചോദ്യങ്ങള്‍ക്കിടെ റാണി ഇടയ്ക്കുകയറി പറയുന്നുണ്ട്, അതിന് ഓഗസ്റ്റ് രണ്ടിന് ഞങ്ങള്‍ ഇവിടെ ഇല്ലായിരുന്നല്ലോ എന്ന്.  അതുകേട്ട് ജോര്‍ജൂട്ടി കസേരയിലേക്ക് ചായുകയാണ്. പുള്ളിക്ക് മനസിലായി ഭാര്യ മണ്ടത്തരമാണ് പറഞ്ഞതെന്നും സംഗതി കൈയില്‍ നിന്ന് പോയെന്നും. എന്നാല്‍ ജോര്‍ജൂട്ടിയുടെ മുഖത്ത് ഞെട്ടല്‍ വരാന്‍ പാടില്ല. ശരിക്കും കഥാപാത്രത്തിന്‍റെ ഉള്ളില്‍ ഒരു പിടച്ചിലാണ്. അത് പുറമെ കാണിക്കാനും പറ്റില്ല. സംസാരിച്ചുകൊണ്ടിരുന്നയാള്‍ പിന്നിലേക്ക് ചാഞ്ഞിട്ട് ഒരു വശത്തേക്ക് നോക്കും കഥാപാത്രം. ആ ഷോട്ട് ഞാന്‍ നേരത്തെ പ്ലാന്‍ ചെയ്തിരുന്നു. സംഭാഷണം പറയുന്ന റാണി ഫോക്കസ് ഔട്ടില്‍ ആണ്. ഫോക്കസ് ലാലേട്ടലിനാണ് വച്ചത്. കാരണം എനിക്ക് ആ റിയാക്ഷന്‍ ആയിരുന്നു പ്രധാനം. ആക്ഷന്‍ പറഞ്ഞപ്പൊ ലാലേട്ടന്‍ എന്തോ ചെയ്തു. അതാണ് അവിടെ വേണ്ടിയിരുന്ന യഥാര്‍ഥ റിയാക്ഷന്‍", ജീത്തു പറയുന്നു.

Follow Us:
Download App:
  • android
  • ios