'ഉപ്പും മുളകും' എന്ന സ്‌കിറ്റിലൂടെ മലയാളിപ്രേക്ഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ താരമാണ് ജൂഹി റുസ്താഗി. താരം ഉപ്പും മുളകില്‍നിന്നും പിന്മാറിയെങ്കിലും ലച്ചുവിനെ ഉപേക്ഷിക്കാന്‍ ആരാധകര്‍ തയ്യാറായിട്ടില്ല. താരം സോഷ്യല്‍മീഡിയയില്‍ ഇടുന്ന പോസ്റ്റുകള്‍ക്കെല്ലാം ആരാധകര്‍ കമന്റായി ചേര്‍ക്കുന്നത് ഉപ്പും മുളകിലേക്കും തിരിച്ചെത്താനും, തങ്ങളൊരുപാട് മിസ്സ് ചെയ്യുന്നുണ്ടെന്നുമാണ്. അത്രമേല്‍ പ്രിയപ്പെട്ട താരമാണ് ലച്ചു. ഉപ്പും മുളകില്‍നിന്നും വിവാഹം കഴിഞ്ഞ് പോകുന്ന ലച്ചു പരമ്പരയില്‍നിന്നും നേരിട്ട് പിന്മാറുകയാണുണ്ടായത്. പരമ്പരയിലെ വിവാഹം ശരിക്കുള്ളതായിരുന്നുവെന്നുള്ള സോഷ്യല്‍മീഡിയാ അഭ്യൂഹങ്ങള്‍ക്ക് അറുതിവന്നത്, ജൂഹിയും റോവ് എന്ന ഡോക്ടര്‍ പയ്യനും തമ്മിലെ പ്രണയഭ്യൂഹങ്ങള്‍ പുറത്തുവന്നതോടെയാണ്.

കുറച്ചുനാളായി ജൂഹിയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലെല്ലാം കാണുന്ന ആ ചെറുപ്പക്കാരന്‍ ആരാണ് എന്നായിരുന്നു ആരാധകരുടെ സംശയം. ഇരുവരും തമ്മില്‍ പ്രണയമാണ് എന്ന വാര്‍ത്തയും പൊടുന്നനെയാണ് പ്രചരിച്ചത്. എന്നാല്‍ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമിട്ടുകൊണ്ട് തങ്ങള്‍ വിവാഹിതരാകാന്‍ പോകുന്നുവെന്നാണ് 'ഗൃഹലക്ഷ്മി'ക്ക് നല്‍കിയ അഭിമുഖത്തില്‍ ജൂഹിയും രോവിനും പറയുന്നത്. 'തങ്ങള്‍ ഇപ്പോള്‍ പ്രണയത്തിലാണ് ഒരു വര്‍ഷംകഴിഞ്ഞാല്‍ വിവാഹമുണ്ടാകും. അതിന് കുറച്ച് പ്ലാനുകളൊക്കെയുണ്ട്, തനിക്കും അച്ഛനും നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലുള്ള വിവാഹമാണിഷ്ടം' ജൂഹി പറയുന്നു. ആലോചിക്കാന്‍ സമയമുണ്ടല്ലോ, നമുക്ക് അതുമൊന്ന് പരിഗണിക്കാമെന്നാണ് ജൂഹിക്ക് മറുപടിയായി രോവ് പറയുന്നത്. ഡേക്ടറായ രോവിന്‍ ജോര്‍ജ്ജ് പാട്ടുകാരനും മോഡലും കൂടിയാണ്.

ഇരുവരുംചേര്‍ന്ന് പുതിയൊരു യൂട്യൂബ് ചാനല്‍ തുടങ്ങിയിട്ടുണ്ട്. ഓരോ ഗ്രാമങ്ങളിലേക്ക്‌ ചെന്ന് അവിടെ സമയം ചെലവഴിച്ച് അതിനെപ്പറ്റി വ്‌ളോഗ് ചെയ്താണ് ചാനലില്‍ ഇടുന്നത്. അതൊരു ജിപ്‌സി യാത്രാ പ്രത്യേകതകളുള്ള ചാനലെന്നാണ് അഭിമുഖത്തില്‍ ഇരുവരും വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം ഇത്തരത്തില്‍ പോസ്റ്റ് ചെയ്ത തിരുനെല്ലി വ്‌ളോഗ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരുന്നു.

പരമ്പരയിലെ വിവാഹം വീട്ടുകാര്‍ക്ക് ഇഷ്ടമായിരുന്നില്ലെന്നും, അതിന്റെ സമ്മര്‍ദ്ധവും കൂടിയപ്പോഴാണ് താന്‍ പരമ്പര വിട്ടതെന്നും ജൂഹി അഭിമുഖത്തില്‍ വ്യക്തമാക്കുന്നുണ്ട്. പരമ്പരയിലെ വിവാഹം വലിയ കോലാഹലമായെന്നും, അവസാനം അതെന്റെ വിവാഹമല്ല എന്ന് വീഡിയോ പോസ്റ്റ് ചെയ്യേണ്ടിവന്നെന്നും ജൂഹി പറയുന്നു.