ചെന്നൈയിലെ ഫ്ലാറ്റില്‍ വച്ചായിരുന്നു സിദ്ധാര്‍ഥിന്‍റെ വിവാഹം

പ്രിയദര്‍ശന്‍റെയും ലിസിയുടെയും മകനും വിഷ്വല്‍ എഫക്റ്റ്സ് സൂപ്പര്‍വൈസറുമായ സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍റെ വിവാഹം ഇന്നലെ ആയിരുന്നു. ചെന്നൈയിലെ പുതിയ ഫ്‌ളാറ്റില്‍ തീര്‍ത്തും സ്വകാര്യമായി നടന്ന ചടങ്ങില്‍ പ്രിയദര്‍ശനും ലിസിയും കല്ല്യാണി പ്രിയദര്‍ശനുമടക്കം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമായി പത്തോളം പേര്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ സഹോദരന്‍ വിവാഹിതനായതിലെ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

വീട്ടില്‍ കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ഏറ്റവും പ്രത്യേകതയുള്ള, സ്വകാര്യമായ ഒരു ചടങ്ങില്‍ ഇന്നലെ വൈകുന്നേരം എന്‍റെ സഹോദരന്‍റെ വിവാഹം ഞങ്ങള്‍ ആഘോഷിച്ചു. ഞാന്‍ എക്കാലവും ആഗ്രഹിച്ചിരുന്നതുപോലെ ഒരു സഹോദരിയായി മെലനിയെ കിട്ടിയതില്‍ വലിയ ആഹ്ലാദമുണ്ട് എനിക്ക്. നിങ്ങള്‍ ഏവരുടെയും അനുഗ്രഹങ്ങള്‍ ഞങ്ങള്‍ക്ക് ഉണ്ടെന്ന് കരുതുന്നു, സഹോദരന്‍റെ വിവാഹ ചിത്രത്തിനൊപ്പം സോഷ്യല്‍ മീഡിയയില്‍ കല്യാണി കുറിച്ചു.

ALSO READ : എക്കാലത്തെയും വലിയ ബോളിവുഡ് ഹിറ്റ്! 10-ാം ദിവസം 'ദംഗലി'നെ മറികടന്ന് 'പഠാന്‍'

സിദ്ധാര്‍ഥിന്‍റെ ഏത് കര്‍മ്മ മേഖലയില്‍ ഉള്ള മെലനി എന്ന മെര്‍ലിന്‍ അമേരിക്കന്‍ സ്വദേശിയും വിഎഫ്എക്സ് പ്രൊഡ്യൂസറുമാണ്. വെള്ളിയാഴ്ച വൈകിട്ട് 6.30 ന് ആയിരുന്നു വിവാഹം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്‍റെ വിഷ്വല്‍ എഫക്റ്റ്സ് സിദ്ധാര്‍ഥിന്‍റെ നേതൃത്വത്തിലാണ് ചെയ്തത്. അമേരിക്കയില്‍ ഗ്രാഫിക്സ് കോഴ്സ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മരക്കാറില്‍ സിദ്ധാര്‍ഥ് പ്രവര്‍ത്തിച്ചത്. മരക്കാറിന് ലഭിച്ച മൂന്ന് ദേശീയ പുരസ്കാരങ്ങളില്‍ ഒന്ന് വിഷ്വല്‍ എഫക്റ്റ്സിന് ആയിരുന്നു. 

അച്ഛനും അമ്മയും സഹോദരിയുമടങ്ങുന്ന, താരപരിവേഷമുള്ള കുടുംബത്തിലെ അംഗമാണെങ്കിലും സ്വകാര്യത ഏറെ ആഗ്രഹിക്കുന്നയാളാണ് ചന്തു എന്ന് അടുപ്പമുള്ളവര്‍ വിളിക്കുന്ന സിദ്ധാര്‍ഥ്. സോഷ്യല്‍ മീഡിയയില്‍ നിന്നും അകന്നാണ് അദ്ദേഹത്തിന്‍റെ ജീവിതം. ദേശീയ പുരസ്കാര നേട്ടത്തിന്‍റെ സമയത്തുപോലും സിദ്ധാര്‍ഥ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല.