ലോക്ക്ഡൗണിനിടെയായിരുന്നു  നടന്‍ മണികണ്ഠന്‍റെ വിവാഹം. ലളിതമായിട്ടായിരുന്നു ചടങ്ങുകള്‍ നടന്നത്. മരട് സ്വദേശിയായ അഞ്ജലിയെയാണ് മണികണ്ഠൻ വിവാഹം ചെയ്തത്. തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ആറ് മാസം മുന്‍പ് തീരുമാനിച്ച വിവാഹത്തീയതി കൊറോണയുടെ പശ്ചാത്തലത്തില്‍ മാറ്റിവെക്കേണ്ടെന്ന് വധൂവരന്മാരും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച് വിവാഹം നടത്തിയത്.വിവാഹത്തിനായി മാറ്റിവച്ച തുക മണികണ്ഠന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയത് വാര്‍ത്തയായിരുന്നു. മമ്മൂട്ടിയടക്കമുള്ള നിരവധി താരങ്ങള്‍ മണികണ്ഠനും ഭാര്യക്കും ആശംസകളുമായി എത്തിയിരുന്നു. ഇപ്പോള്‍  പുതിയൊരു ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുകയാണ് മണികണ്ഠൻ.

'ഞാനും എന്‍റെ ഭാര്യയും ഞങ്ങടെ അമ്മയും' എന്ന കുറിപ്പോടെയായിരുന്നു മണികണ്ഠന്‍ ചിത്രം പങ്കുവച്ചത്. മോം ഇൻ ലോ, വൈഫി, ഹാപ്പി ഫേസ്, ഹാപ്പി ഫാമിലി എന്നീ ഹാഷ് ടാഗുകളും താരം ചേര്‍ത്തിരുന്നു. മാതൃദിനത്തിൽ തന്‍റെ അമ്മയോടൊപ്പമുള്ള ചിത്രവും മണികണ്ഠൻ പങ്കുവെച്ചിരുന്നു. 'അമ്മ, എന്നും അമ്മയുടെ ദിവസങ്ങൾ, ഹാപ്പി മദേഴ്സ് ഡേ' എന്നായിരുന്നു താരം ചിത്രത്തിന് നല്‍കിയ കുറിപ്പ്.