കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം ഒരു പരമ്പരയെ എപ്പിസോഡുകളോളം നീട്ടികൊണ്ടുപോവുകയാണെങ്കിലും പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ് നീലക്കുയില്‍. തന്റെ മകളുടെ കുട്ടിയെ ഇല്ലാതാക്കിയത് അവള്‍ തന്നെയാണ് എന്ന് സംശയിക്കുന്ന രാധമണിക്ക് എരിവും പുളിയും ചേര്‍ത്ത് നല്‍കുകയാണ് വേലക്കാരിയായ ഷാരമ്മ. സ്വാതിയുടെ കുബുദ്ധി കാരണം എല്ലാവരുടെയും സംശയം റാണിയുടെ മുകളില്‍ പതിക്കുകയാണ്.

കൗസ്‍തുഭത്തില്‍ ചെറിയമ്മയും,ചെറിയച്ഛനും മാത്രമാണ് റാണിയെ വിശ്വസിക്കുന്നത്. ആദിയടക്കമുള്ളവര്‍ റാണിയെ അവിശ്വസിക്കുകയാണ്. എന്നാല്‍ ഇതിനെല്ലാം കാരണക്കാരിയായ സ്വാതി ആരുടെയും കണ്ണില്‍പ്പെടാത്തെ നടക്കുകയാണ്. ആദി തന്റെ സൈബര്‍ സെല്ലിലുള്ള സുഹൃത്ത് മുഖേന, ആരാണ് റാണിയെ വിളിക്കുന്നത് എന്ന് കണ്ടെത്തുന്ന തിരക്കിലാണ്.

റാണിയുടെ മുന്നില്‍ നിന്ന് കസ്‍തൂരിയോട് വെള്ളം ചോദിക്കുന്ന ആദിയെ മാലിനിയും റാണിയും ശകാരിക്കുന്നു. അവള്‍ തങ്ങളുടെ ശത്രുവാണെന്ന രീതിയിലാണ് റാണി സംസാരിക്കുന്നത്. കസ്‍തൂരിയുടെ കൈയില്‍ നിന്ന് വെള്ളം പോലും വാാങ്ങി കുടിക്കരുത് എന്നാണ് റാണി പറയുന്നത്. റാണിയോട് കോളേജിലെ വിശേഷം ചോദിക്കുന്ന സമയത്ത്, കോടതിയില്‍ പോയ റാണി, കോളേജിൽ പോയെന്ന രീതിയില്‍ സംസാരിച്ചതു കേട്ട് ആദിക്ക് റാണിയെപ്പറ്റി ആകെ ദേഷ്യം വരികയാണ്. അതിനാല്‍തന്നെ റാണിയാണ് തെറ്റുകാരിയെന്ന് ആദി ഉറപ്പിക്കുകയാണ്.

കസ്‍തൂരിയുടെ കൈയില്‍ നിന്ന് ചായ വാങ്ങികുടിച്ചതിന് റാണി ആദിയെ ശകാരിച്ചതിന് ആദി പറയുന്ന മറുപടി പരമ്പരയുടെ കഥാഗതിയെ തന്നെ നിയന്ത്രിക്കുകയാണ്. 'റാണീ നീ കസ്‍തൂരിയെ അധികം തെറ്റുപറയരുത് കാരണം അവളും എന്റെ ഭാര്യയാണ് എന്റെ കുട്ടിയെ അവളെന്നും ചെയ്യുമെന്ന് കരുതുന്നില്ല' എന്ന ആദിയുടെ വാക്കുകേട്ട് റാണി ഞെട്ടിത്തരിക്കുകയാണ്.

എന്നാൽ റാണിയ ഒറ്റപ്പെടുത്താനുള്ള ആദിയുടെ ശ്രമത്തെ ചെറിയച്ഛൻ ചോദ്യം ചെയ്യുകയും, അവളെ ഇനിയും ഒറ്റപ്പെടുത്തി വിഷമിപ്പിക്കരുതെന്നും ആദിയെ താക്കീത് ചെയ്യുകയുമാണ്. കുട്ടിയെ ഇല്ലാതാക്കിയതിന് പിന്നിലുള്ളവരെ താൻ തന്നെ കണ്ടുപിടിക്കുമെന്നും ചെറിയച്ഛൻ പറയുകയാണ്. എന്നാൽ തനിക്കെതിരെ ആദിയെ എരിവ് കയറ്റുന്നത് സ്വാതിയാണെന്നുപറഞ്ഞ് റാണി സ്വാതിയെ വല്ലാതെ വഴക്കു പറയുന്നുണ്ട്. ഇനിയും കുറ്റവാളിയെ പിടിച്ചില്ലെങ്കിൽ കുടുംബം തന്നെ തകരും എന്ന നിലയ്ക്കാണ് പരമ്പരയുടെ കഥ പുരോഗമിക്കുന്നത്.

എല്ലാവരും റാണിക്കെതിരെ തിരിയുമ്പോൾ സ്വാതി രക്ഷകയുടെ വേഷമണിയുകയാണ്. ഇനിയുമെത്രനാൾ സ്വാതി ഒളിച്ചുകളിക്കും. റാണിയെ എല്ലാവരും ഒറ്റപ്പെടുത്താൻ തുടങ്ങുമ്പോൾ ആദി സത്യം മനസ്സിലാക്കുമോ. എപ്പിസോഡുകൾ കാത്തിരിക്കേണ്ടിയിരിക്കുന്നു.