ഒരു പൊട്ടിത്തെറി ഏതു നിമിഷവും കരുതിയിരുന്ന ആരാധകരുടെ ചങ്ക് പിടച്ചുപോകുന്ന നിമിഷങ്ങളാണ് കൗസ്‍തൂഭത്തില്‍ നടക്കുന്നത്. ആദിയുടേയും റാണിയുടേയും കുട്ടിയെ ഇല്ലാതാക്കിയ പ്രശ്‌നം പരമ്പരയില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍, സ്വാതിയെന്ന ദുഷ്‍ടത്തിയെ തെളിവു സഹിതം പിടിക്കണം എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ സംഭവിക്കുന്നത് നേരെ തിരിഞ്ഞും. കാടിന്റെ മകളായ കസ്‍തൂരി കുറ്റം ഏറ്റെടുക്കുമ്പോള്‍ എല്ലാവരുടേയും ഹൃദയം സ്‍തംഭിക്കുകയാണ്. കുറ്റവാളി രക്ഷപ്പെടുന്നു എന്നതിലുപരിയായി, നിരപരാധി ശിക്ഷിക്കപ്പെടുമോ എന്നതാണ് എല്ലാവരുടേയും പേടി. പ്രേക്ഷകരെ അനുനിമിഷം വിസ്‍മയിപ്പിക്കാൻ പരമ്പരയ്ക്ക് കഴിയുന്നു എന്നുവേണം പറയാന്‍.

രാധാമണി തന്റെ മകളായ റാണിയെ രക്ഷിക്കാനായി, ക്‌സതൂരിയോട് കുറ്റങ്ങള്‍ ഏറ്റെടുക്കാന്‍ പറയുകയാണ്. സ്‌നേഹബന്ധങ്ങളുടെ വിലയറിയാവുന്ന കസ്‍തൂരി, കൗസ്‍തൂഭത്തിലെ ബന്ധങ്ങള്‍ തകരാതിരിക്കാനായി ആ കുറ്റം സ്വയം ഏല്‍ക്കുകയാണ്. റാണിയുടേയും അച്ഛന്‍ ശരത്തിന്റേയും മുന്നില്‍ വച്ചാണ് കസ്‍തൂരി കുറ്റം ഏല്‍ക്കുന്നത്. അതുകേള്‍ക്കുന്ന റാണി വീട്ടിനകത്തേക്ക് ഓടിപോവുകയും, കസ്‍തൂരി മാറുകയും ചെയ്യുമ്പോള്‍ ശരത്ത് അവിടെ അങ്ങനെ നില്‍ക്കുകയാണ്. അപ്പോള്‍ അങ്ങോട്ടെത്തുന്ന ആദിയുടെ അച്ഛന്‍ ശരത്തിനോട് അകത്തേക്ക് വരുന്നില്ലെ എന്നും, റാണിയുടെ പ്രശ്‌നം പൊലീസിനോട് പറയണ്ടെ എന്നും ചോദിക്കുകയാണ്. പ്രശ്‌നം വിളിച്ചു പറഞ്ഞിട്ടും എന്താണ് അന്വേഷിക്കാന്‍ വരാത്തതെന്ന സംശയമാണ് ആദിയുടെ അച്ഛന്‍ ബാലന്. എന്നാല്‍ ശരത്ത് അകത്തേക്ക് കയറാതെ അവിടെനിന്നും ഫോണ്‍ വിളിക്കണം എന്ന് പറഞ്ഞ് ഒരു വശത്തേക്ക് മാറുകയാണ്. റാണിയാണ് കുറ്റക്കാരി എന്നതിനാലാണ് ശരത്തും രാധാമണിയും കേസിനു പോകാത്തത് എന്ന് ബാലന്‍ ഉറപ്പിക്കുകയാണ്.

ശേഷം ക്യാപ്റ്റനും ശരത്തും തമ്മില്‍ സംസാരിക്കുകയാണ്. കസ്‍തൂരിയാണ് കുറ്റം ചെയ്‍തതെന്ന് പ്രത്യക്ഷത്തില്‍ ക്യാപ്റ്റന്‍ വിശ്വസിച്ചിട്ടില്ലെങ്കിലും ശരത്തിനോട് കസ്‍തൂരിയെ പൊലീസിനെക്കൊണ്ട് പിടിപ്പിക്കുന്നത് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് ശരത്ത് സമ്മതിക്കുന്നില്ല. ആ കുട്ടിയുടെ ജീവിതം വെറുതെ നശിപ്പിക്കേണ്ട എന്നാണ് ശരത്ത് പറയുന്നത്. അപ്പോള്‍ ക്യാപ്റ്റന്‍ അന്ന് ശരത്ത് സ്വാതിയെ പോലീസിലേല്‍പ്പിക്കണം എന്നു പറഞ്ഞത് പറയുന്നുമുണ്ട്. ഇതെല്ലാം കേള്‍ക്കുന്ന ആദി റാണിയെ വല്ല്യച്ചനും സംശയമുണ്ട് എന്ന് മനസ്സിലാക്കുകയാണ്.

റാണിയുടെ മുന്നിലേക്ക് വരുന്ന കസ്‍തൂരിയെ റാണി കഴുത്തില്‍ പിടിക്കുകയാണ്. എന്നാല്‍ ഇതും തന്റെ സഹോദരിയാണെന്ന് ചിന്തിച്ച് റാണി പിടി വിടുന്നു. എന്തിനാണ് തന്റെ കുട്ടിയെ ഇല്ലാതാക്കിയതെന്ന് കസ്‍തൂരിയോട് ചോദിക്കുമ്പോള്‍, തനിക്ക് അസൂയ വന്നതാണ് കുട്ടിയെ ഇല്ലാതാക്കാന്‍ കാരണമെന്ന് കസ്‍തൂരി പറയുകയാണ്. അതുകേട്ട് റാണി ആകെ ഷോക്കായി നില്‍ക്കുന്നു. അതേസമയം രാധാമണി തന്റെ തനിനിറം പുറത്തെടുക്കുന്നു. കസ്‍തൂരിയോട് കരഞ്ഞ് കാലുപിടിച്ചതെല്ലാം രാധാമണിയുടെ തന്ത്രം മാത്രമായിരുന്നു. അവളെ താന്‍ പുകച്ച് ഓടിക്കുമെന്നാണ് രാധാമണി പറയുന്നത്. കൗസ്തൂഭത്തിലേക്ക് ഫോണ്‍ ചെയ്‍ത് ആദിയുടെ അമ്മയോടും കസ്‍തൂരിയാണ് ഇത് ചെയ്‍തതെന്നും അവളെ പുറത്താക്കണമെന്നും രാധാമണി പറയുന്നുണ്ട്. സത്യങ്ങളിഞ്ഞിട്ടും ഇങ്ങനെ പെരുമാറുന്നത് വളരെ മോശമാണ് എന്നാണ് ശരത്തിന്റെ അനിയത്തി ശാരി രാധാമണിയോട് പറയുന്നു. എന്നാല്‍ എന്റെ മകള്‍ക്കുവേണ്ടി ഏതറ്റം വരേയും താന്‍ പോകുമെന്നാണ് രാധാമണി പറയുന്നത്. ഇതെല്ലാം കേട്ട് ശാരി ആകെ തകരുകയാണ്.

കസ്തൂരിയെ വീട്ടില്‍നിന്ന് പുറത്താക്കണമെന്നാണ് കൗസ്‍തൂഭത്തിലെ പെണ്ണുങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. എന്നാലും ആദി വിശ്വസിക്കുന്നത് കുറ്റം ചെയ്‍തത് റാണി തന്നെയാണെന്നാണ്. കസ്തൂരി കുറ്റം ഏറ്റുപറഞ്ഞെന്ന് റാണി ആദിയോട് പറഞ്ഞതെങ്കിലും ആദി ഒന്നും വിശ്വസിക്കുന്നില്ല. റാണി തന്നെ ചതിക്കുകയാണ് എന്നുതന്നെയാണ് ആദി കരുതുന്നത്.

അതേസമയം കസ്‍തൂരി താന്‍ നുണ പറയുകയാണല്ലോ എന്നത് തന്റെ ദൈവങ്ങളോട് പറയുകയാണ്. ഇതെല്ലാം സരോജിനിയും സ്വാതിയും മാറിനിന്ന് കേള്‍ക്കുന്നുണ്ട്. പ്രാര്‍ത്ഥിച്ചുകഴിഞ്ഞ കസ്‍തൂരിയടെ അടുത്തെത്തി സ്വാതി എന്തിനാണ് നുണ പറഞ്ഞതെന്നും, ഇനി അവര്‍ വിളിച്ച് ചോദിക്കുമ്പോള്‍ സത്യം പറയണമെന്നും പറയുന്നുണ്ട്. എന്നാല്‍ റാണിയെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ഇതൊന്നും മാറ്റിപ്പറയില്ലെന്നുമാണ് കസ്‍തൂരി പറയുന്നത്. ഇനിയും അവരോട് സത്യം പറഞ്ഞില്ലെങ്കില്‍ കസ്‍തൂരി ആദിയുടെ ഭാര്യയാണെന്ന സത്യം താന്‍ എല്ലാവരോടും പറയും എന്നു സ്വാതി പറയുന്നുണ്ട്. ചെറിയമ്മ വന്ന് കസ്‍തൂരിയോട് അവിടെ എല്ലാവരും കസ്‍തൂരിയെ കാത്തിരിക്കുന്നു എന്നു പറയുന്നിടത്താണ് പുതിയ ഭാഗം അവസാനിക്കുന്നത്.

കുറ്റങ്ങള്‍ സ്വയം ഏറ്റ കസ്‍തൂരി നടന്നുകയറുന്നത് ഊരാക്കുടിക്കുലേക്കാണോ, സത്യങ്ങള്‍ എന്ന് മറനീക്കിയെത്തും എന്നെല്ലാമറിയാന്‍  കാത്തിരിക്കാം.