Asianet News MalayalamAsianet News Malayalam

Yash In Kochi : 'നീ പോ മോനെ ദിനേശാ'യ്‍ക്കൊപ്പം 'ചാമ്പിക്കോ'യും; ലുലു മാളിനെ ഇളക്കി മറിച്ച് റോക്കി ഭായ്

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 

kgf star yash in kochi
Author
Kochi, First Published Apr 8, 2022, 6:36 PM IST

തെന്നിന്ത്യൻ സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടും ആകാംക്ഷയോടും കാത്തിരിക്കുന്ന ചിത്രമാണ് 'കെജിഎഫ് 2'(KGF Chapter 2). കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരവധി തവണ റിലീസ് ചെയ്യാനിരുന്ന ചിത്രം ഏപ്രിലിൽ 14ന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി കൊച്ചിയിൽ എത്തിയ നടൻ യാഷിന്റെ വീഡിയോകളും ചിത്രങ്ങളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. വേദിയിൽ മലയാള സിനിമയിലെ ഡയലോ​ഗ് പറഞ്ഞാണ് താരം ആരാധകരെ ആവേശത്തിലാഴ്ത്തിയത്. 

മലയാള സിനിമ കാണാറുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് പറഞ്ഞ യാഷ്, മോഹൻലാലിന്റെ 'നീ പോ മോനെ ദിനേശാ' എന്ന ഡലോ​ഗ് പറഞ്ഞ് ഏവരെയും അമ്പരപ്പിക്കുക ആയിരുന്നു. മമ്മൂട്ടിയെ ആണോ മോഹൻലാലിനെ ആണോ ഇഷ്ടമെന്ന ചോദ്യത്തിന് രണ്ട് പേരുമെന്നും ഇരുവരും ഇതിഹാസങ്ങളാണെന്നും യാഷ് പറഞ്ഞു. ഇരുവർക്കൊപ്പവും താൻ സമയം ചിലവഴിച്ചിട്ടുണ്ടെന്നും താരം പറയുന്നു. ദുൽഖർ, ടൊവിനോ, പൃഥ്വിരാജ് എന്നിവരുമായി സംസാരിക്കാൻ സാധിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. മമ്മൂട്ടിയുടെ ഭീഷ്മപർവ്വത്തിലെ ചാമ്പിക്കോ എന്ന ഡയലോ​ഗും താരം പറയുന്നുണ്ട്. 

അതേസമയം, പൃഥ്വിരാജിന്റെ അഭാവത്തിൽ സുപ്രിയ ആയിരുന്നു ലുലു മാളിൽ എത്തിയത്. അടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോർദാനിലാണ് പൃഥ്വിയിപ്പോൾ. കേരളത്തിൽ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ്(Prithviraj) പ്രൊഡക്‌ഷൻസും മാജിക് ഫ്രെയിംസും ചേർന്നാണ്.

കെജിഎഫ് 2ല്‍ യഷിന് പുറമെ ബോളിവുഡ് താരം സഞ്ജയ് ദത്തും പ്രധാന വേഷം ചെയ്യുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, സൃനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്. പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധ ആകർഷിച്ച ചിത്രമായിരുന്നു ഇത്. കഴിഞ്ഞ ജനുവരി 7ന് പ്രീമിയര്‍ ചെയ്ത, ചിത്രത്തിന്‍റെ ടീസറിന് റെക്കോര്‍ഡ് പ്രതികരണമാണ് യുട്യൂബില്‍ ലഭിച്ചത്. 

മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലാകും സിനിമ റിലീസ് ചെയ്യുക. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാ​ഗം റിലീസ് ചെയ്തത്. കന്നഡ, തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായിരുന്നു റിലീസ്. ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി ക്ലബിലെത്തി. ബാഹുബലിക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ചിത്രമാണ് കെജിഎഫ്. 

രണ്ടാം ഭാഗം എത്തുംമുന്‍പേ ആദ്യ ഭാഗം വീണ്ടും കാണാം; 'കെജിഎഫ് ചാപ്റ്റര്‍ 1' ഇന്നു മുതല്‍

മുഖ്യധാരാ കന്നഡ സിനിമയ്ക്ക് ഇന്ത്യ മുഴുവന്‍ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിത്രമായിരുന്നു 2018ല്‍ പ്രദര്‍ശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റര്‍ 1 (KGF Chapter 1). ഇപ്പോഴിതാ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ചിത്രത്തിന്‍റെ രണ്ടാം ഭാഗം തിയറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ലോകമാകമാനമുള്ള തിയറ്ററുകളില്‍ ഈ മാസം 14ന് റിലീസ് ചെയ്യപ്പെടാന്‍ ഒരുങ്ങുന്ന ചിത്രം ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ-റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കൂടിയാണ്. തരംഗം തീര്‍ത്ത ആദ്യ ഭാഗം തിയറ്ററുകളില്‍ കാണാന്‍ സാധിക്കാതിരുന്ന വലിയൊരു വിഭാഗം പ്രേക്ഷകര്‍ ഉണ്ടായിരുന്നു. അവരെ മുന്നില്‍ക്കണ്ട് ആദ്യഭാഗം തിയറ്ററുകളില്‍ വീണ്ടും എത്തിക്കുകയാണ് നിര്‍മ്മാതാക്കള്‍. കെജിഎഫ് ചാപ്റ്റര്‍ 1 കന്നഡയ്ക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം പതിപ്പുകള്‍ തെരഞ്ഞെടുത്ത തിയറ്ററുകളില്‍ ഇന്നു മുതല്‍ കാണാനാവും.

കന്നഡ പതിപ്പ് 13 സ്ക്രീനുകളിലും തെലുങ്ക് പതിപ്പ് ആറ് സ്ക്രീനുകലിലും തമിഴ് പതിപ്പ് നാല് സ്ക്രീനുകളിലും റിലീസ് ചെയ്‍തപ്പോള്‍ മലയാളം പതിപ്പിന് ഒരു സ്ക്രീന്‍ മാത്രമാണ് ഉള്ളത്. നിര്‍മ്മാതാക്കള്‍ നേരത്തെ പുറത്തുവിട്ട ലിസ്റ്റ് അനുസരിച്ചാണ് ഇത്. കൊച്ചി ലുലു മാളിലെ പിവിആര്‍ മള്‍ട്ടിപ്ലെക്സിലാണ് കെജിഎഫ് ചാപ്റ്റര്‍ 1 മലയാളം പതിപ്പ് റീ റിലീസ് ചെയ്‍തിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios