കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതകങ്ങൾ പരമ്പരയാകുകയാണ്. നടി മുക്തയാണ് പരമ്പരയിൽ ജോളിയെന്ന കഥാപാത്രമായി എത്തുന്നത്. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്ന മുക്തയുടെ തിരിച്ചുവരവ് കൂടിയാണ് ഈ സീരിയൽ.

അഭിനയത്തിലേക്ക് മടങ്ങി എത്തുന്ന മുക്തയ്ക്ക് സാമൂഹ്യമാധ്യമത്തിലൂടെ ആശംസകൾ അറിയിക്കുകയാണ് ഗായികയും മുക്തയുടെ ഭർതൃസഹോദരിയുമായ റിമി ടോമി. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച സീരിയലിന്റെ പ്രൊമോ വീഡിയോയിലൂടെ മുക്തയുടെ തിരിച്ചുവരവ് അറിയിക്കുകയാണ് റിമി. റിമിയുടെ പോസ്റ്റിന് താഴെ മുക്ത നന്ദിയും കമന്റ് ചെയ്തിട്ടുണ്ട്. പാലാമറ്റം കുടുംബത്തിലെ മൂന്നുപേരെ അടക്കിയ കല്ലറക്ക് സമീപം മഴയത്ത് കുടയുമായി നില്‍ക്കുന്ന സ്ത്രീയായാണ് മുക്ത പ്രൊമോ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ജനുവരി 13-നാകും പരമ്പര പ്രേക്ഷകർക്ക് മുൻപിൽ എത്തുന്നത്.