തന്നെ പ്രണയത്തില്‍ വീഴ്ത്താനായി താന്‍ നന്നായി ചിത്രം വരയ്ക്കുമെന്ന് രാജീവ് പറഞ്ഞെന്നാണ് ആതിര പറയുന്നത്. അതുകഴിഞ്ഞ് വയറിലേക്ക് നോക്കി, വാവേ, അമ്മയെ അച്ഛൻ പറ്റിച്ചു എന്നും പറയുന്നുണ്ട്.

'കുടുംബവിളക്ക്' (Kudumbavilakku Serial) എന്ന ജനപ്രിയ പരമ്പരയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ താരമാണ് ആതിര മാധവ് (Athira Madhav). പരമ്പരയിലെ പേര് 'ഡോക്ടര്‍ അനന്യ' എന്നായിരുന്നതിനാല്‍ പലര്‍ക്കും അതാണ് കൂടുതല്‍ പരിചയം. തിരുവനന്തപുരം സ്വദേശിനിയായി ആതിര, മുന്നേയും ചില പരമ്പരകളില്‍ എത്തിയിരുന്നെങ്കിലും ആളുകള്‍ക്കിടയില്‍ പ്രശസ്‍തയാകുന്നത് 'കുടുംബവിളക്കി'ലെ 'അനന്യ'യായാണ്. അഭിനേത്രിയാകുന്നതിന് മുന്നേ അവതാരകയായും ആതിര എത്തിയിരുന്നു. മനോഹരമായ കഥാപാത്രത്തെ ഗംഭീരമായി ചെയ്യുന്നതിനിടെയായിരുന്നു പരമ്പരയില്‍ നിന്നുമുള്ള ആതിരയുടെ പിന്മാറ്റം. ഗര്‍ഭിണിയായതോടെയാണ് പുതിയ താരത്തിന് കഥാപാത്രത്തെ കൈമാറി ആതിര പരമ്പര വിട്ടത്. പരമ്പരയില്‍ നിന്ന് മാറിയെങ്കിലും തന്റെ യൂട്യൂബ് ചാനലില്‍ ആതിര ഇപ്പോഴുമെപ്പോഴും സജീവമാണ്. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഭര്‍ത്താവിന് കൊടുത്ത ചെറിയൊരു പ്രാങ്ക് വീഡിയോ കഴിഞ്ഞ ദിവസമാണ് ആതിര ചനലിലൂടെ പങ്കുവച്ചത്.


രണ്ട് വര്‍ഷം മുന്നേയായിരുന്നു അനന്യയുടെ വിവാഹം. എന്‍ജിനിയറായ ആതിര വിവാഹം കഴിച്ചതും തന്റെ അതേ മേഖലയിലുള്ള രാജീവ് മേനോനെയാണ്. അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ആതിരയുടെ വിവാഹം. രാജീവിന്റെ കൂടെയുള്ള ആളാണ് ആദ്യം തന്നെ പ്രണയിക്കാന്‍ ശ്രമിച്ചതെന്നും, അക്കാലത്ത് അവര്‍ തന്നെ വിളിച്ചിരുന്നത് സ്‌കെച്ച് എന്നായിരുന്നു എന്നെല്ലാം മുന്നേതന്നെ ആതിര പറഞ്ഞിട്ടുണ്ട്. ഇപ്പോളിാത വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ അഞ്ച് വര്‍ഷകാലത്തെ നീണ്ട പ്രണയം ഓര്‍ത്തെടുക്കുകയാണ് ഇരുവരും. തന്നെ പ്രണയത്തില്‍ വീഴ്ത്താനായി താന്‍ നന്നായി ചിത്രം വരയ്ക്കുമെന്ന് പറഞ്ഞെന്നാണ് ആതിര തമാശയായി പറയുന്നത്. 


'സുഹൃത്തുക്കളെ, ആരെങ്കിലും നിങ്ങള്‍ക്ക് ഒരു പെയിന്റിംഗ് കാണിച്ച് തന്നിട്ട് ഇത് ഞാന്‍ വരച്ചതാണെന്ന് പറഞ്ഞാല്‍ വിശ്വസിക്കരുത്. കാരണം, ഈ മനുഷ്യന്‍ എന്നെ അങ്ങനെയാണ് പറ്റിച്ചത്. ആ ചിത്രം കണ്ടാണ് ഞാന്‍ ഇങ്ങേരുടെ പ്രണയത്തില്‍ വീണതും. പക്ഷെ പിന്നെയാണ് അറിഞ്ഞത് ഇങ്ങേര് ക്രയോണ്‍സ് വച്ചുപോലും ഒരു ചിത്രം വരക്കില്ലെന്ന്. എന്നാലും ഇപ്പോഴും അതുവച്ച് ഞാന്‍ കളിയാക്കാറുണ്ട്. കൂടാതെ രാജീവിന്റെ മാജിക്ക്, ഇങ്ങേരുടെ കാര്‍ഡൊക്കെ വച്ചുള്ള മാജിക്ക് കൂടെ കണ്ടപ്പോള്‍ ഞാന്‍ ഫ്‌ളാറ്റായി. സോപ്പുവെള്ളത്തില്‍ വീണതുപോലെ അങ്ങ് വീണു. (വയറ്റിലേക്ക് നോക്കിക്കൊണ്ട് പറയുന്നു) നോക്കു വാവേ, അച്ഛന്‍ അമ്മയെ പറ്റിച്ചു. പറ്റിച്ചാണ് വിവാഹം കഴിച്ചത് എന്നും തമാശയായ ആതിര പറയുന്നു.


വിവാഹത്തെക്കുറിച്ചും, വീട്ടുകാരുടെ സമ്മതത്തോടെ പ്രണയിച്ചതിനെപ്പറ്റിയുമെല്ലാം വീഡിയോയില്‍ ഇരുവരും പറയുന്നുണ്ട്. ''രാജീവ് പ്രണയം പറഞ്ഞപ്പോള്‍തന്നെ ഞാന്‍ പറഞ്ഞത്, എന്റെ അമ്മയോട് വന്ന് ചോദിക്കു എന്നാണ്. അതിന് രാജീവ് തയ്യാറായിരുന്നു. ഞാന്‍ അമ്മയെ കുറച്ച് കള്ളമെല്ലാം പറഞ്ഞ് ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി, അങ്ങോട്ട് വെള്ള ഷര്‍ട്ടും ഒരു ജീന്‍സുമിട്ട് രാജീവ് വരുന്നു, അമ്മയോട് കാര്യങ്ങള്‍ പറയുന്നു. അങ്ങനെ അച്ഛനറിയുന്നു. പിന്നീടങ്ങോട്ട് എല്ലാം ഒരു അറേഞ്ച്‍ഡ് വിവാഹം പോലെയായിരുന്നു. പക്ഷെ അതിനിടയില്‍ ഞങ്ങള്‍ അഞ്ചുകൊല്ലം പ്രണയിച്ചെന്ന് മാത്രമെന്നും വീഡിയോയില്‍ പറയുന്നു.


പ്രണയത്തെപ്പറ്റി പറഞ്ഞുകഴിഞ്ഞ്, കണ്ണുപൊത്തി സാധനങ്ങള്‍ തൊട്ട് മനസ്സിലാക്കുന്ന ഗെയിം ആതിര രാജീവുമൊന്നിച്ച് ചെയ്യുന്നുണ്ട്. വീഡിയോയുടെ അവസാനം രാജീവിന് വാലന്റൈന്‍സ് ഗിഫ്റ്റ് കൊടുത്ത്, യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണ്‍ കിട്ടി സന്തോഷവും ആതിര പങ്കുവയ്ക്കുന്നുണ്ട്. അഞ്ചാം മാസം ആയതോടെ യാത്ര അധികം പാടില്ലായെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചപ്പോഴായിരുന്നു ആതിര പരമ്പരയിലെ അനന്യയെ ഉപേക്ഷിച്ചത്. എന്നാല്‍ ബേബി വന്നതിനുശേഷം, മറ്റ് കൊറോണ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായെങ്കില്‍ വരും വീഡിയോകള്‍ കുറച്ച് എക്‌സ്‌പ്ലോര്‍ ചെയ്യുമെന്നും ആതിര കാഴ്‍ചക്കാര്‍ക്ക് ഉറപ്പ് നല്‍കുന്നുണ്ട്.

വീഡിയോ കാണാം

YouTube video player