ലയാളിക്ക് ഒട്ടനവധി പ്രിയമാര്‍ന്ന പരമ്പരകള്‍ സമ്മാനിച്ച ഏഷ്യാനെറ്റില്‍ അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് കുടുംബവിളക്ക്. മലയാളം മിനിസ്‌ക്രീനിലെ തന്നെ ജനപ്രിയ പരമ്പരയായി മാറിക്കൊണ്ടിരിക്കുകയാണ് കുടുംബവിളക്ക് എന്നുപറയാം. 'സുമിത്ര' എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് പരമ്പര മുന്നോട്ടുപോകുന്നത്. തന്മാത്ര എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് പ്രിയങ്കരിയായ മീരാ വാസുദേവ് പ്രധാന വേഷത്തിലെത്തുന്ന പരമ്പര തുടക്കംമുതല്‍ക്കേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെയും ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ അമൃത നായരാണ് സുമിത്രയുടെ മകള്‍ ശീതളായെത്തുന്നത്. 

പരമ്പരയില്‍ വില്ലത്തിയായാണ് എത്തുന്നതെങ്കിലും അമൃത സോഷ്യല്‍മീഡിയയിലൂടെ മലയാളികളുടെ മനസ് കീഴടക്കിക്കഴിഞ്ഞു.  ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെയാണ് മലയാളിക്ക് കുടുംബവിളക്കിലെ വില്ലത്തിയുടെ നിരപരാധിത്വം മനസ്സിലായത്. താരം കഴിഞ്ഞദിവസം ചെയ്ത ഇന്‍സ്റ്റഗ്രാം ലൈവാണിപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇത്ര സന്തോഷിച്ച ലൈവ് അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അത്ര മനോഹരമായാണ് അമൃത ലൈവ് ചെയ്തതെന്നാണ് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ശരിവക്കുന്നത്.

വീടിന്റെ താഴത്തെ നിലയില്‍ ഷൂട്ട് നടക്കുന്നതോണ്ട് മെല്ലയേ സംസാരിക്കാന്‍ കഴിയു എന്നുപറഞ്ഞാണ് അമൃത ലൈവ് തുടങ്ങുന്നത്. ലൈവ് തുടങ്ങിയതോടെ ചില ആരാധകര്‍ക്ക് സീരിയലിന്റെ ഷൂട്ട് കാണണം. വേറെ കുറച്ച് ആള്‍ക്കാര്‍ക്ക് സുമിത്ര ചേച്ചിയേയും കാണണം. എന്നാല്‍ താഴേക്ക് ഫോണുംകൊണ്ട് പോയാല്‍ ഡയറക്ടര്‍ ചീത്ത പറയുമെന്നും, ചിലപ്പോ ഇവിടന്ന് ഇറക്കി വിടുമെന്നെല്ലാം അമൃത പറയുന്നുണ്ട്. എന്നാലും ആരാധകര്‍ ചോദ്യങ്ങള്‍ അവസാനിപ്പിച്ചില്ല. അവസാനം അമൃത പതിയെചെന്ന് ഷൂട്ടിന്റെ ചില ഭാഗവും, സുമിത്രചേച്ചിയേയും കാണിച്ചപ്പോഴാണ് ആരാധകര്‍ക്ക് സമാധാനമായത്.

അതുപോലെതന്നെ അമൃത സെറ്റിലുള്ള എല്ലാവരേയും ലൈവിലൂടെ പരിചയപ്പെടുത്തുന്നുമുണ്ട്. എല്ലാവരുടേയും വിശേഷങ്ങളും അമൃത പറയുന്നുമുണ്ട്. അതുവഴിപോയ അസിസ്റ്റന്റ് സംവിധായകനേയും, മേക്കപ്പ്മാനേയും, കോസ്റ്റിയൂമറേയുമൊന്നും അമൃത വെറുതെ വിട്ടില്ല. പരമ്പരയില്‍ ശീതളെന്ന വില്ലത്തിയായെത്തുന്ന അമൃതയുടെ പാവം പിടിച്ച തനി സ്വരൂപംകണ്ട് ആരാധകരെല്ലാം വണ്ടറടിക്കുന്നുമുണ്ട്. ലൈവിനിടെ കിട്ടിയ സമയത്ത് അമൃതയെ കളിയാക്കാന്‍ സഹപ്രവര്‍ത്തകരെല്ലാംതന്നെ ഒന്നിച്ച് പരിശ്രമിക്കുന്നുമുണ്ട്. ആകെമൊത്തം അടിച്ചുപൊളിയായ ഒരു സീരിയല്‍സെറ്റ് കാണാന്‍ പറ്റിയതിന്റെ സന്തോഷമാണ് ആരാധകര്‍ക്ക്.

വീഡിയോ കാണാം -