ഈ വര്‍ഷത്തെ മലയാളം റിലീസുകളില്‍ ജനപ്രീതിയും നിരൂപകശ്രദ്ധയും ഒരുപോലെ നേടിയ ചിത്രമായിരുന്നു 'കുമ്പളങ്ങി നൈറ്റ്‌സ്'. ഫെബ്രുവരി ഏഴിന് തീയേറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് ഒടിടി പ്ലാറ്റ്‌ഫോം ആയ ആമസോണ്‍ പ്രൈമിലും സ്ട്രീം ചെയ്യപ്പെട്ടു. ഓണ്‍ലൈന്‍ സ്ട്രീമിംഗില്‍ മലയാളികള്‍ അല്ലാത്ത പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. മികച്ച ദൃശ്യ-ശ്രാവ്യ അനുഭവമായിരുന്ന 'കുമ്പളങ്ങി നൈറ്റ്‌സ്' അതിന്റെ ശബ്ദത്തിലൂടെ മാത്രം അനുഭവിക്കാന്‍ കഴിയുമോ? ഷൈജു ഖാലിദ് ഒരുക്കിയ ദൃശ്യങ്ങളില്ലാതെ, ശബ്ദരേഖയിലൂടെ കേട്ടാല്‍ എന്താവും 'കുമ്പളങ്ങി' നല്‍കുന്ന അനുഭവം? അത്തരത്തിലൊരു അനുഭവത്തിന് പ്രേക്ഷകരെ ക്ഷണിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ഭാവന സ്റ്റുഡിയോസ് എന്ന തങ്ങളുടെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബില്‍ പ്ലേ ചെയ്യുമ്പോള്‍ ശബ്ദരേഖയ്‌ക്കൊപ്പം സീനുകളില്‍നിന്നെടുത്ത ചില സ്റ്റില്ലുകള്‍ കൂടി ദൃശ്യമാകുന്ന തരത്തിലാണ് വീഡിയോ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആകാശവാണിയില്‍ മുന്‍കാലത്ത് വലിയ ജനപ്രീതയുള്ള പരിപാടി ആയിരുന്നു ചലച്ചിത്ര ശബ്ദരേഖ. തൊണ്ണൂറുകളിലെ ഏറെക്കുറെ സംഭാഷണ കേന്ദ്രീകൃതമായിരുന്ന സിനിമകള്‍ റേഡിയോ ശബ്ദരേഖയിലൂടെ നല്‍കുന്ന ഒരു അനുഭവമുണ്ടായിരുന്നു. 'സംഭാഷണപ്രധാനം' എന്ന അവസ്ഥയില്‍ നിന്ന് സിനിമകളെ 'ദൃശ്യപ്രധാന'മാക്കിത്തീര്‍ത്ത പുതിയ തലമുറയില്‍ നിന്നുള്ള ഒരു പ്രധാന സിനിമയുടെ 'ശബ്ദരേഖ' എങ്ങനെയുണ്ടാവുമെന്ന കൗതുകത്തിലേക്കാണ് അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ ക്ഷണിക്കുന്നത്.