ഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പരമ്പര, 'നീലക്കുയില്‍' അവസാനിച്ച് നാളേറെയായെങ്കിലും അതിലെ താരങ്ങളെയൊന്നും തന്നെ പ്രേക്ഷകര്‍ മറന്നിട്ടില്ല. ലത സംഗരാജു അവതരിപ്പിച്ച 'റാണി'യെന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മറുഭാഷയില്‍ നിന്നെത്തിയ താരത്തെ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റുന്ന അവസ്ഥയുണ്ടായിരുന്നു.

ലോക്ക്ഡൗണിലായിരുന്നു ലതയുടെ വിവാഹം നടന്നത്. വിവാഹ വിശേഷങ്ങളടക്കം എല്ലാം താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. കൂടാതെ താനൊരു കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണെന്ന് ലത അറിയിച്ചതും ആരാധകരെ സന്തോഷിപ്പിച്ചിരുന്നു. ഏഴാം മാസത്തിലെ കൂട്ടികൊണ്ടുപോകല്‍ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലത സംഗരാജു.

ഏഴാം മാസത്തിലെ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ലത ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞാനൊരു ശക്തയായ സ്ത്രീയായി വളരാന്‍ കാരണം, ശക്തയായൊരു സ്ത്രീയെന്നെ വളര്‍ത്തിയതുകൊണ്ടാണെന്നു പറഞ്ഞ് അമ്മയോടൊപ്പമുള്ള ചിത്രങ്ങളും ലത പങ്കുവച്ചിട്ടുണ്ട്. കൂടാതെ തന്നെ മരുമോളായി കാണാത്ത അമ്മയുടേയും അച്ഛന്റേയും കൂടെയുള്ള ചിത്രങ്ങളും പങ്കുവച്ചിരിക്കുന്നു. എന്നെ ഒരു കുട്ടിയെപോലെ നോക്കുന്ന ഇവരെ കിട്ടിയത് പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണെന്നാണ് ചിത്രത്തോടൊപ്പം ലത കുറിച്ചത്. 

വീണ്ടും അഭിനയിക്കാന്‍ താല്പര്യമുണ്ടെങ്കിലും, കുറച്ചുകാലത്തേക്ക് കുടുംബവുമായി അധികം സമയം ചിലവഴിക്കാനാണ് താല്പര്യമെന്ന് വിവാഹം കഴിഞ്ഞവേളയില്‍ ലത പറഞ്ഞിരുന്നു.