ഹ്രസ്വചിത്രങ്ങളിലൂടെ ബാലതാരമായി എത്തിയ താരമാണ് ഇപ്പോഴത്തെ മലയാളികളുടെ മൂക്കുത്തി പെണ്ണായ ഇനിയ. വിജയ ചിത്രം മാമാങ്കത്തിൽ മികച്ച വേഷത്തിലെത്തിയ താരം നേരത്തെയും നിരവധി സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചിരുന്നു.  കളരി അഭ്യാസവും യോഗയുമാണ് തന്റെ ഫിറ്റ്നസ് രഹസ്യമെന്ന് ഇനിയ പലപ്പോഴും പറയാറുണ്ട്. ലോക്ക് ഡൌണിനിടയിലും ഓൺലൈനായി കളരി പഠനം മുന്നോട്ടുകൊണ്ടുപോകുന്നുണ്ടെന്ന് ഇനിയ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 

ഇപ്പോഴിതാ യോഗ ദിനത്തോടനുബന്ധിച്ച് താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വിവിധ യോഗാസന പോസുകളാണ് താരം പങ്കുവച്ചിരിക്കുന്നത്.  ‘നിങ്ങളുടെ ഇരുളടഞ്ഞ കോണുകളിലേക്ക് അറിവിന്റെ പ്രകാശം എത്തിക്കുകയെന്നതാണ് യോഗയുടെ സ്വഭാവം’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം ഫോട്ടോസ് പങ്കുവച്ചിരിക്കുന്നത്.

ഡോക്ടർ ബിജുവിന്റെ പ്രഥമ സംവിധാന സംരംഭമായ സൈറയിലൂടെയാണ് മുഖ്യധാരയിലേക്ക്   ഇനിയ കടന്നു വരുന്നത്.  തുടർന്ന് ടൈം, ദളമർമരങ്ങൾ, ഭൂപടത്തിൽ ഇല്ലാത്ത ഒരിടം, അയാൾ, സ്വർണ്ണക്കടുവ, പരോൾ, തുടങ്ങിയ മലയാള ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. യുദ്ധം സെയ്, വഗൈ സൂടവാ, ചെന്നൈയിൽ ഒരു നാൾ, നാൻ സിഗപ്പുമനിതൻ തുടങ്ങിയ തമിഴ് ചിത്രങ്ങളിലും വേഷമിട്ട ഇനിയ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.