ഏഷ്യാനെറ്റിലെ സൂപ്പര്‍ ഹിറ്റ്  പരമ്പര ഭാര്യയില്‍ രഹന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ലിന്‍റു റാണി. രഹനയുടെ വേഷത്തില്‍ തകര്‍ത്തഭിനയിച്ച ലിന്‍റുവിനെ ടെലിവിഷന്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. മൂന്ന് നായികമാരും സാജന്‍, സൂര്യ, റോണ്‍സണ്‍ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്ന പരമ്പര മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

ഭര്‍ത്താവിന്‍റെ കാപട്യങ്ങളറിയാത്ത ഒരു പാവം മുസ്ലിം പെണ്‍കുട്ടിയുടെ, ഏറെ പ്രാധാന്യമുള്ള വേഷമാണ് ലിന്‍റു ഭാര്യയില്‍ അണിഞ്ഞത്. എന്നാല്‍ ആ പരമ്പരയിലെ വേഷം പോലെയല്ല താനെന്ന് സോഷ്യല്‍ മീഡിയയിലൂടെ ലിന്‍റു പറഞ്ഞുവയ്ക്കാറുണ്ട്. ആ പാവം നാണം കുണുങ്ങിയല്ല, മറിച്ച് അത്യാവശ്യം ബോള്‍ഡാണ് എന്നും താരം തന്‍റെ എഴുത്തുകളിലൂടെയും പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും നിരന്തരം പറയാറുണ്ട്.

ഇപ്പോഴിതാ തന്‍റെ ഭര്‍ത്താവിനെ കുറിച്ചുള്ള വൈകാരികമായൊരു കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. ആദ്യമായി പ്രൊപ്പൊസ് ചെയ്തതിന്‍റെ ഓര്‍മയ്ക്കൊപ്പം ഒരു ചിത്രവും താരം പങ്കവച്ചിട്ടുണ്ട്.  'എട്ട് വർഷം മുമ്പ് ഇതേ ദിവസമാണ് ഈ മനോഹരമായ പാലത്തിന് മുന്നിൽ, അവൻ എന്നെ പ്രൊപ്പോസ് ചെയതത്. ഇരുവരുംപേരും പ്രായം കൊണ്ടും ശരീരം കൊണ്ടും വളർന്നിരിക്കുന്നു, ഒപ്പം പരസ്പര സ്നേഹവും"- എന്നായിരുന്നു താരം കുറിച്ചത്. ലണ്ടനിൽ ടെക്നിക്കൽ കൺസൽട്ടന്‍റ് ആയി ജോലി ചെയ്യുന്ന റോണി ഈപ്പൻ മാത്യു ആണ് താരത്തിന്റെ ജീവിത നായകൻ. റോണിക്കൊപ്പം ഇപ്പോൾ ലണ്ടനിൽ ആണ് ലിന്റു.