കഴിഞ്ഞ ദിവസമായിരുന്നു നടി മിയ ജോര്‍ജിന്‍റെ മനസമ്മതം.പാലാ സെന്‍റ് തോമസ് കത്തീഡ്രലില്‍ വച്ചായിരുന്നു ചടങ്ങ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മത ചടങ്ങില്‍ പങ്കെടുത്തത്. കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിന്‍ ഫിലിപ്പ് ആണ് വരന്‍. സെപ്റ്റംബറിലാണ് വിവാഹം നടക്കുക.

ചടങ്ങിലെ ചിത്രങ്ങള്‍ മിയ സോഷ്യല്‍ മീഡിയയിൽ പങ്കുവച്ചിരുന്നു. ഷിമ്മറി ലെഹങ്കയാണ് മിയയുടെ വേഷം. എന്നാൽ ഈ ചിത്രങ്ങളിൽ ചിലത് തെരഞ്ഞെടുത്ത് മിയ ഇൻസ്റ്റഗ്രാമിൽ  പങ്കുവച്ചിരിക്കുകയാണിപ്പോൾ. 'എന്റെ പ്രണയമേ... ഞാനിപ്പോൾ തിരിച്ചറിയുന്നു, എപ്പോഴും ഞാൻ നിന്നെ നോക്കിയിരിപ്പായിരുന്നുവെന്ന്'- എന്നാണ് ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. മനസമ്മത സമയത്തെ ചിത്രങ്ങളിൽ അശ്വിനെ മാത്രം നോക്കിയിരിക്കുന്നവ പങ്കുവച്ചാണ് മിയയുടെ കുറിപ്പ്.

ലേബല്‍ എം സിഗ്നേച്ചര്‍ വെഡ്ഡിംഗ്‍സ് ആണ് മിയയുടെ വസ്ത്രങ്ങളും ചടങ്ങിന്‍റെ വീഡിയോയും കേക്കുമെല്ലാം ഒരുക്കിയത്. ചലച്ചിത്ര ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിന്‍റെ നേതൃത്വത്തിലുള്ള പ്ലാന്‍ ജെ സ്റ്റുഡിയോസ് ആണ് മാജിക് മോഷന്‍ മീഡിയയുമായി ചേര്‍ന്ന് വീഡിയോ തയ്യാറാക്കിയത്.

പാലാ സ്വദേശിയായ മിയ ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. സിനിമയില്‍ ചെറു കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച മിയ പിന്നീട് സച്ചിയുടെ രചനയില്‍ ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിലൂടെ നായികയായി. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നാല്‍പതോളം സിനിമകളില്‍ ഇതിനകം അഭിനയിച്ചിട്ടുണ്ട്.