ആങ്കറിങ്ങിലൂടെ മലയാളികളിലേക്ക് നടന്നുകയറിയ താരമാണ് അശ്വതി ശ്രീകാന്ത്. തന്റെ സ്വതസിദ്ധമായ അവതരണ ശൈലികൊണ്ട് താരം വലിയൊരു കൂട്ടം ആരാധകരെ തന്നെ സ്വന്തമാക്കുകയും ചെയ്തു. ഒരു എഴുത്തുകാരി കൂടിയായ അശ്വതിയുടെ കുറിപ്പുകളും ചിത്രങ്ങളും എല്ലാം സോഷ്യല്‍ മീഡിയയില്‍ അത്രയും ശ്രദ്ധ നേടുന്നതും അതുകൊണ്ട് തന്നെയാണ്. 

കഴിഞ്ഞദിവസം അശ്വതിയുടെ വിവാഹവാര്‍ഷികത്തിന് നിരവധി ആരാധകരും താരങ്ങളുമാണ് അശ്വതിക്കും ശ്രീകാന്തിനും ആശംസകളുമായെത്തിയത്. കഴിഞ്ഞദിവസം ആരാധകരോട് സംവദിച്ച അശ്വതിയുടെ മറുപടികളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.  ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഏതാണ് എന്ന ചോദ്യത്തിന് ശ്രീകാന്തിനൊന്നിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ട് അശ്വതി പറയുന്നത് ഞങ്ങള്‍ ഒന്നിച്ചുള്ള ഇടം എന്നാണ്.

ഞങ്ങളെപ്പറ്റി ചോദിക്കു, ഉത്തരം പറയാം എന്നുപറഞ്ഞാണ് അശ്വതി സംവാദം തുടങ്ങിയത്. ഒരുപാട് ആളുകളാണ് ചോദ്യങ്ങളുമായെത്തിയത്. ചുവന്ന് തുടുക്കുന്ന ഓര്‍മ്മ എന്ന ചോദ്യത്തിന് ഞങ്ങളുടെ ആദ്യചുംബനം എന്നാണ് അശ്വതി പറയുന്നത്. കോളേജ് കാലത്തെ പ്രണയം പത്തുവര്‍ഷത്തിനുശേഷം പൂവണിഞ്ഞ കഥയും ചോദ്യങ്ങള്‍ക്ക് ഉത്തരമായി അശ്വതി പറയുന്നുണ്ട്. പിണങ്ങിയിരുന്നാല്‍ ആരാണ് ആദ്യം മിണ്ടുക, ഏട്ടനെ കാണുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്ന പാട്ട്, ഹണിമൂണ്‍ യാത്ര, രണ്ടാളുടേയും പ്രായവിത്യാസം എന്നിവയെല്ലാം ആരാധകര്‍ താരത്തോട് ചോദിക്കുന്നുണ്ട്.

പരസ്പരം കൈമാറിയ ഏറ്റവും വിലപ്പെട്ട സമ്മാനം എന്താണെന്ന ചോദ്യത്തിന് മകള്‍ പദ്മയുടെ ചിത്രം മാത്രമാണ് അശ്വതി ഉത്തരമായി പറയുന്നത്. ഏതായാലും അശ്വതിയുടെ ചോദ്യോത്തരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമായിരിക്കുകയാണ്.