ഏറ്റവുമധികം ആരാധകരുള്ള അവതാരകരില്‍ ഒരാളാണ് ലക്ഷ്‍മി

സിനിമാ-സീരിയല്‍ താരങ്ങളെപ്പോലെ വലിയൊരുകൂട്ടം ആരാധകരെ നേടിയ മിനിസ്‌ക്രീന്‍ അവതാരകരുമുണ്ട്. അവര്‍ക്കായി ഫാന്‍ പേജുകളും ഫാന്‍ ഫൈറ്റ് പോലും സോഷ്യല്‍മീഡിയയിലെ കാഴ്ചയാണ്. അത്തരത്തില്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവും കൂടുതല്‍ ഫാന്‍സുള്ള അവതാരകയാണ് ലക്ഷ്മിയെന്ന് സോഷ്യല്‍മീഡിയയിലെ ഫാന്‍ പേജുകളും മറ്റും കണ്ടാല്‍ അറിയാം. മനോഹരമായ ചിരിയും വ്യത്യസ്തമായൊരു ഭാഷാശൈലിയുംകൊണ്ട് മലയാളികളുടെ പ്രിയം നേടിയ ആളാണ് ലക്ഷ്‍മി. യൂട്യൂബിലും വളരെ ആക്ടീവായ ലക്ഷ്മി കഴിഞ്ഞദിവസം പങ്കുവച്ച വീഡിയോയാണിപ്പോള്‍ വൈറലായിരിക്കുന്നത്.

തന്‍റെ ശീലങ്ങളും വിശേഷങ്ങളുമെല്ലാം ചെറിയ വീഡിയോകളാക്കിയാണ് ലക്ഷ്മി യൂട്യൂബില്‍ അപ്‍ലോഡ് ചെയ്യാറുള്ളത്. ഹെയര്‍കെയര്‍ വീഡിയോയും മുടിയെപ്പറ്റിയുള്ള വിശേഷങ്ങളുമാണ് ഇപ്പോള്‍ ലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. തന്‍റെ മുടി ചുരുണ്ടതാണെന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലെന്നും മുടിയുടെ അവസ്ഥ വളരെ ദയനീയമാണെന്നും എന്നാല്‍ പാരമ്പര്യമായി കിട്ടിയത് ചുരുണ്ട മുടിയാണെന്നുമാണ് താരം പറയുന്നത്. ചുരുണ്ട മുടി കാരണം പണ്ട് സ്‌കൂളിലും കോളേജിലുമെല്ലാം കുട്ടികള്‍ ചകിരിയെന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഈയൊരു ഇന്‍ഡസ്ട്രിയിലെത്തിയപ്പോള്‍ നിലനില്‍പിന്‍റെ പ്രശ്‌നംകാരണം മുടി സ്മൂത്ത് ചെയ്യുകയായിരുന്നുവെന്ന് ലക്ഷ്മി പറയുന്നു.

ലക്ഷ്മിയുടെ പഴയകാല ചിത്രം

കൂടാതെ തന്‍റെ നെറ്റിയെക്കുറിച്ചുള്ള കൗതുകകരമായ ഒരു നിരീക്ഷണവും ലക്ഷ്‍മി പങ്കുവെക്കുന്നു. എല്ലാവരും തന്‍റെ നെറ്റിയെപ്പറ്റി സംസാരിക്കാറുണ്ടെന്നും വളരെ കയറിയിട്ടുള്ള ഈ നെറ്റി കിട്ടിയത് പഴയ സിനിമാ നടനായ ശങ്കരാടിയില്‍ നിന്നാണെന്നുമാണ് ലക്ഷ്മി പറയുന്നത്. മലയാളത്തിലെ എക്കാലത്തേയും മികച്ച അഭിനേതാക്കളില്‍ ഒരാളായ ശങ്കരാടി ലക്ഷ്മിയുടെ അമ്മയുടെ വകയിലുള്ളൊരു അമ്മാവനാണ്. അമ്മയുടെ വീട്ടുപേര് ശങ്കരാടിയില്‍ ഹൗസ് എന്നാണെന്നും, ഇതെല്ലാം കൂട്ടിച്ചേര്‍ത്ത് ആളുകള്‍ ശങ്കരാടി നെറ്റിയെന്നാണ് തന്‍റെ നെറ്റിയെക്കുറിച്ച് പറയാറെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു.

ലക്ഷ്മിയുടെ വീഡിയോ കാണാം

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona