സിനിമാ താരങ്ങളേയും മിനിസ്‌ക്രീന്‍ താരങ്ങളേയും പോലെതന്നെയാണ് ആരാധകര്‍ക്ക് അവതാരകരും. രഞ്ജിനി ഹരിദാസ്, പേളി മാണി, ആര്യ, മിഥുന്‍, അശ്വതി തുടങ്ങിയവരെല്ലാം മലയാളിക്ക് സുപരിചിതരുമാണ്. ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച അവതാരികയാണ് ലക്ഷ്മി നക്ഷത്ര. താരത്തിന്റെ സംസാരശൈലിയും അവതരണരീതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മിനി സ്‌ക്രീനില്‍ മാത്രമല്ല സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ലക്ഷ്മി ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസത്തെ താരത്തിന്റെ ഇന്‍സ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്.

രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌ക്കൂളില്‍ പാടി ഒന്നാംസ്ഥാനം കിട്ടിയ കുട്ടിക്കവിതയാണ് താരം ആരാധകര്‍ക്കായി വീണ്ടും പാടിയത്. കഴിഞ്ഞ അവധിദിവസം പഴയപുസ്തകങ്ങളെല്ലാം പൊടിതട്ടി വയ്ക്കുമ്പോളാണ് പണ്ടത്തെ പുസ്തകം കിട്ടിയതെന്നും, അത് കണ്ടപ്പോള്‍ തീര്‍ത്താതീരാത്ത സന്തോഷമാണുണ്ടായതെന്നുമാണ് താരം പറയുന്നത്. പഴയ കുട്ടിക്കവിത വീണ്ടും കണ്ടതിന്റെ സന്തോഷം, താരം പറയുന്നതിനേക്കാള്‍ മനോഹരമായി താരത്തിന്റെ മുഖത്തുനിന്നുതന്നെ വായിച്ചെടുക്കാന്‍ കഴിയുന്നുണ്ട്. കുട്ടിപ്പാട്ടുമത്സരത്തിന്റെ രണ്ടാംഘട്ടത്തില്‍ താന്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായിരുന്നെന്നും, അവിടെനിന്ന് ട്രിപ്പിട്ട കയ്യോടെയാണ് സക്കൂളില്‍ പാട്ടുപാടാന്‍ പോയതെന്നുമുള്ള വിശേഷങ്ങളും പാട്ടിന് മുന്നോടിയായി താരം ഓര്‍മ്മകള്‍ തിരിച്ചെടുക്കുന്ന സന്തോഷത്തോടെതന്നെ പറയുന്നുണ്ട്.

'നമ്മളൊക്കെ വളര്‍ന്നു വളര്‍ന്നു വലിയ ആള്‍ക്കാരായി പോകുന്നുണ്ടോ എന്നൊരു സംശയം!. എത്രയൊക്കെ വളര്‍ന്നാലും മാറാത്ത, മറന്നു പോവാത്ത ചില ഓര്‍മകളൊക്കെ എല്ലാര്‍ക്കും ഇണ്ടാവും ല്ലെ.. അങ്ങനെ എനിക്കും ഇണ്ടാരുന്നു നല്ല അടിപൊളി ഒരു കുട്ടിക്കാലം. അതിന്ന് പൊടി തട്ടി, തേച്ചു മിനുക്കി എടുത്ത ഒരു ചെറിയ സാധനം ദാ ദിവിടെ കാച്ചുന്നു' എന്ന ക്യാപ്ഷനോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.
 

'പാത്രത്തിലമ്മ പാല്‍ പകരവേ,
അമ്മേടെ പുന്നാരമോളങ്ങടുത്തുകൂടി.
പഞ്ചാരക്കൊഞ്ചലില്‍ മയങ്ങിയമ്മ,
പാലില്‍  പഞ്ചാരചേര്‍ക്കാന്‍ മറന്നുപോയി'

എന്നുതുടങ്ങുന്ന പാട്ടാണ് താരം വീണ്ടും പാടിയത്. തനിക്ക് പണ്ടൊക്കെ കോംപറ്റീഷനില്‍ പങ്കെടുക്കുന്ന അസ്‌ക്കിത ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്. ഏതായാലും താരത്തിന്റെ ആലാപനവും സന്തോഷവുമെല്ലാം ആരാധകരേയും സന്തോഷിപ്പിച്ചു എന്നുവേണം പറയാന്‍. പണ്ടത്തെ പാട്ടാണെങ്കിലും ഇപ്പോഴും അമ്മമാര്‍ക്ക് കുട്ടികളെ പഠിപ്പിക്കാന്‍ പറ്റിയ പാട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്.

താരത്തിന്റെ കുട്ടിപ്പാട്ട് കേള്‍ക്കാം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Lakshmi Unnikrishnan K (@lakshmi_nakshathra) on Jun 23, 2020 at 4:17am PDT